KeralaNews

അമ്മ സ്വാതന്ത്രം തരുന്നില്ല!16 കാരിയുടെ കോള്‍,പൊലീസിന്റെ ആ സംശയം,രക്ഷിച്ചത് വിലപ്പെട്ട ജീവന്‍;കയ്യടിയ്ക്കാം കേരളാ പോലീസിനെ

ഏറ്റുമാനൂർ: സഹായം അഭ്യർഥിച്ചു വിളിച്ച പതിനാറുകാരിയുടെ പരാതി അന്വേഷിക്കാൻ മിനിറ്റുകൾക്കുള്ളിൽ പറന്നെത്തിയ പൊലീസ് അമ്മയുടെ ജീവൻ രക്ഷിച്ചു. മകളുമായി വഴക്കിട്ട് അമിത അളവിൽ ഗുളിക കഴിച്ച് മരണത്തോടു മല്ലടിക്കുന്ന വീട്ടമ്മയെയാണ് അവസരോചിതമായ ഇടപെടലിനെത്തുടർന്ന് പൊലീസ് രക്ഷപ്പെടുത്തിയത്.

പൊലീസിനു തോന്നിയ സംശയമാണ് വീട്ടമ്മയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. ഒരു രാത്രി മുഴുവൻ വിവിധ ആശുപത്രികളിലായി നെട്ടോട്ടമോടിയ പൊലീസ് പുലർച്ചെയോടെ വീട്ടമ്മ സുഖം പ്രാപിച്ചു എന്ന ഉറപ്പുവരുത്തിയാണ് ദൗത്യം അവസാനിപ്പിച്ചത്.

വെള്ളി രാത്രി പത്തരയോടെയാണ് പെൺകുട്ടി സഹായം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. അമ്മ, വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നും പെരുവഴിയിൽ നിൽക്കുകയാണെന്നും പൊലീസ് സഹായം വേണമെന്നുമാണ് പെൺകുട്ടി ആവശ്യപ്പെട്ടത്.

പരാതി കേട്ടയുടൻ എസ്ഐ എച്ച്.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തേക്കു കുതിച്ചു. അവിടെയെത്തിയപ്പോൾ വീട്ടിൽ നിന്ന് 50 മീറ്റർ ദൂരത്തിൽ റോഡിൽ ഇറങ്ങി നിൽക്കുകയാണ് വിദ്യാർഥിനി. കാര്യം അന്വേഷിച്ചപ്പോൾ, അമ്മ തനിക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെന്നും ഉപദ്രവിക്കുകയാണെന്നും വീട്ടിൽനിന്ന് ഇറക്കിവിട്ടെന്നും പറഞ്ഞു.

വിദ്യാർഥിനിയെ അനുനയിപ്പിച്ച പൊലീസ് കുട്ടിയെയും കൂട്ടി വീട്ടിലേക്കു ചെന്നു. അവിടെയെത്തിയപ്പോൾ വീട്ടിലെ ഉപകരണങ്ങളിൽ ചിലത് തല്ലിത്തകർത്ത നിലയിലായിരുന്നു. ചോദിച്ചപ്പോൾ അമ്മയോടുള്ള ദേഷ്യത്തിൽ താൻ തന്നെയാണ് അവ തല്ലിത്തകർത്തതെന്നു പെൺകുട്ടി പറഞ്ഞു. രാത്രി സിനിമയ്ക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമ്മ സമ്മതിച്ചില്ല എന്നതാണ് വിദ്യാർഥിനിയുടെ പരാതി.

യുകെയിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ ഇടയ്ക്കാണ് നാട്ടിലെത്തിയത്.  നാളെ യുകെയിലേക്ക് തിരിച്ചു പോകാൻ ഇരിക്കുകയായിരുന്നു കുടുംബം. ഈ സാഹചര്യത്തിൽ രാത്രികാല യാത്ര വേണ്ട എന്ന് അമ്മ പറഞ്ഞതാണ് പെൺകുട്ടിയെ ചൊടിപ്പിച്ചത്.

പെൺകുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് കരഞ്ഞ് തളർന്നു കിടക്കുന്ന അമ്മയെയാണ്. മകൾക്ക് പിടിവാശി കൂടുതലാണെന്നും തനിക്ക് സമാധാനം നൽകുന്നില്ലെന്നും അമ്മ പൊലീസിനോടു പറഞ്ഞു. സംസാരത്തിനിടയിൽ വീട്ടമ്മയുടെ നാക്ക് കുഴയുകയും കൺപോളകൾ അടയുകയും ചെയ്യുന്നതു കണ്ട് എസ്ഐക്ക് സംശയം തോന്നി. പൊലീസുകാർ ഇവരെ ആദ്യം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 

ആശുപത്രിയിലേക്കു പോകുന്ന വഴിയിൽ വച്ചാണ്, താൻ അമിതഅളവിൽ ഗുളിക കഴിച്ചിട്ടുണ്ടെന്ന് വീട്ടമ്മ പൊലീസിനോടു വെളിപ്പെടുത്തിയത്. അൽപം വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു എന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞത്.

ഏറ്റുമാനൂർ എസ്ഐ എച്ച്.ഷാജഹാൻ, ഡ്രൈവർ നിതിൻ ശ്രീനിവാസൻ, ഹോം ഗാർഡ് രാജപ്പൻ, വനിത സിവിൽ പൊലീസ് ഓഫിസർ ലേഖ എന്നിവ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button