പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; കേരളം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹര്‍ജിയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 23ന് പരിഗണിക്കാനിരിക്കെയാണ് കേരളവും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ് കേന്ദ്രത്തിന് എതിരെ സര്‍ക്കാര്‍ സൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്‌ഠ്യേനയായിരുന്നു പാസാക്കിയത്.