KeralaNewspravasi

അടി,തിരിച്ചടി… പെനാല്‍റ്റി നഷ്ടം വിനയായി; മേഘാലയക്കെതിരേ കേരളത്തിന് സമനില

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോളിൽ മേഘാലയക്കെതിരേ സമനിലയിൽ കുടുങ്ങി കേരളം. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമും രണ്ടു ഗോളുകൾ വീതം നേടി. ക്യാപ്റ്റൻ ജിജോ ജോസഫ് പെനാൽറ്റി പാഴാക്കിയത് കേരളത്തിന് തിരിച്ചടിയായി. മേഘാലയ ഗോൾകീപ്പർ ഫ്രോളിക്സൺ ഡഖാറിന്റെ മികവും കേരളത്തിന്റെ ജയം തടഞ്ഞു.

പതിനെട്ടായിരത്തോളം വരുന്ന കാണികളുടെ മുന്നിൽ കേരളത്തിനെതിരേ തകർപ്പൻ കളിയാണ് മേഘാലയ പുറത്തെടുത്തത്. തുടക്കത്തിൽ കേരള ആക്രമണങ്ങളെ പ്രതിരോധിച്ച മേഘാലയ, കേരളം ഗോൾ നേടിയതോടെ ആക്രമണ ഫുട്ബോൾ പുറത്തെടുക്കുകയായിരുന്നു.

പശ്ചിമ ബംഗാളിനെതിരേ വിജയം നേടിയ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് കേരളം മേഘാലയക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. അണ്ടർ 21 താരം ഷിഗിലിന് പകരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനിൽ ഇടംനേടി. മറുവശത്ത് മേഘാലയ, രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.

മേഘാലയയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും കളിയിലെ ആദ്യ അവസരം ലഭിച്ചത് കേരളത്തിനായിരുന്നു. 11-ാം മിനിറ്റിൽ വിഖ്നേഷ് ബോക്സിലേക്ക് നീട്ടിയ പന്തിൽ നിന്നുള്ള അർജുൻ ജയരാജിന്റെ ഗോൾശ്രമം മേഘാലയ ഡിഫൻഡർ വിൽബർട്ട് കൃത്യമായ ഇടപെടൽ നടത്തി ഒഴിവാക്കി.

പിന്നാലെ കേരളം ആക്രമണം തുടർന്നുകൊണ്ടിരുന്നു. 17-ാം മിനിറ്റിൽ പയ്യനാട് സ്റ്റേഡിയത്തിലെ കാണികളെ ത്രസിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ആദ്യ ഗോളെത്തി. കേരളത്തിന്റെ മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച നിജോ ഗിൽബർട്ട് നൽകിയ അളന്നുമുറിച്ച ക്രോസ് മുഹമ്മദ് സഫ്നാദ് വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് കൈയടി നൽകേണ്ടത് നിജോയുടെ മികച്ച ക്രോസിനാണ്.

ഗോൾ വീണതോടെ അത്രയും നേരം ടൈറ്റ് മാർക്കിങ്ങുകളുമായി കളിക്കുകയായിരുന്ന മേഘാലയ ആക്രമണത്തിനിറങ്ങി. ഇതിനിടെ 27-ാം മിനിറ്റിൽ സോയൽ ജോഷിയുടെ ക്രോസിൽ നിന്ന് വിഖ്നേഷ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായിരുന്നു. പിന്നാലെ കളംനിറഞ്ഞുകളിച്ച നിജോയ്ക്ക് 29-ാം മിനിറ്റിൽ ഒരു അവസരം ലഭിച്ചു. വിഘ്നേഷ് ചിപ് ചെയ്ത് നൽകിയ പന്ത് പക്ഷേ ഗോളാക്കാൻ നിജോയ്ക്ക് സാധിച്ചില്ല.

37-ാം മിനിറ്റിൽ മേഘാലയ വീണ്ടും കേരള പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാൽ മേഘാലയ താരത്തിന്റെ ഉറച്ച ഗോൾശ്രമം സോയൽ കൃത്യമായ ഇടപെടലിലൂടെ വിഫലമാക്കി.

40-ാം മിനിറ്റിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി മേഘാലയയുടെ ഗോളെത്തി. വലതുവിങ്ങിൽ നിന്ന് അറ്റ്ലാൻസൻ ഖർമ നൽകിയ ക്രോസ് കിൻസൈബോർ ലുയ്ദ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളത്തിന്റെ ആക്രമണങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷിയായത്. 46-ാം മിനിറ്റിൽ നൗഫൽ വലതുവിങ്ങിൽ നിന്ന് നൽകിയ പന്ത് ജെസിൻ, സഫ്നാദിന് ക്രോസ് ചെയ്തു. പക്ഷേ സഫ്നാദിന് പന്ത് വലയിലെത്തിക്കാനായില്ല.

49-ാം മിനിറ്റിൽ ജെസിനെ മേഘാലയ താരം ബോക്സിൽ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പക്ഷേ കിക്കെടുത്ത ക്യാപ്റ്റൻ ജിജോ ജോസഫിന് പിഴച്ചു. പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക്.

പിന്നാലെ 55-ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് ഫിഗോ സിൻഡായ് മേഘാലയയെ മുന്നിലെത്തിച്ചു. കോർണറിൽ നിന്ന് ഹെഡറിലൂടെയായിരുന്നു ഫിഗോയുടെ ഗോൾ. എന്നാൽ ഈ ഗോളിന്റെ ആവേശമടങ്ങും മുമ്പ് കേരളം ഒപ്പമെത്തി. 58-ാം മിനിറ്റിൽ അർജുൻ ജയരാജ് എടുത്ത ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോൾ. മേഘാലയ താരങ്ങളുടെ ദേഹത്ത് തട്ടിയെത്തിയ പന്ത് മുഹമ്മദ് സഹീഫ് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 87-ാം മിനിറ്റിൽ ബോക്സിൽ വെച്ച് ലഭിച്ച അവസരം ജിജോയ്ക്ക് മുതലാക്കാനായില്ല. തൊട്ടടുത്ത മിനിറ്റിൽ സഹീഫിന്റെ ഫ്രീ കിക്കിൽ നിന്ന് ബിപിൻ അജയന്റെ ഹെഡർ ബാറിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചിടിയായി.

90-ാം മിനിറ്റിൽ സോയലിന്റെ ക്രോസിൽ നിന്നുള്ള ജിജോയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് മേഘാലയ ഗോൾകീപ്പർ ഫ്രോളിക്സൺ ഡഖാർ രക്ഷപ്പെടുത്തിയതോടെ കേരളത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker