KeralaNews

2023 ല്‍ അലോസരപ്പെടുത്തിയ 4 കാര്യങ്ങളിൽ കേരള ഗവർണറുടെ നടപടിയും: ജസ്റ്റിസ് നരിമാൻ

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ സംഭവിച്ച അലോസരപ്പെടുത്തുന്ന നാലു കാര്യങ്ങളായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.എഫ്.നരിമാൻ കണ്ടെത്തിയവയിൽ ഒന്നിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ‘ബന്ധം’. കേരള നിയമസഭ പാസാക്കി നൽകിയ എട്ടു ബില്ലുകളിൽ തീരുമാനമെടുക്കാതെ 23 മാസത്തോളം കാത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയാണ്, ജസ്റ്റിസ് നരിമാൻ ‘അലോസരപ്പെടുത്തുന്നവ’യുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

സുപ്രീം കോടതി ഇടപെട്ടതോടെ അതിൽ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനെയും അദ്ദേഹം വിമർശിച്ചു. ഭരണഘടനയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ്, ജസ്റ്റിസ് നരിമാൻ ഇക്കാര്യം പറഞ്ഞത്.

അലോസരപ്പെടുത്തിയ സംഭവങ്ങളുടെ പട്ടികയിൽ മൂന്നാമതായാണ് ജസ്റ്റിസ് നരിമാൻ ഗവർണറുടെ നടപടിയെ പരാമർശിച്ചത്. ‘‘ഈ വർഷം സംഭവിച്ചവയിൽ അലോസരപ്പെടുത്തുന്ന മൂന്നാമത്തെ കാര്യം, പരമ്പരാഗതമായി ന്യൂനപക്ഷ സംസ്ഥാനമായ കേരളത്തിന്റെ ഗവർണർ 23 മാസം വരെ നീണ്ട കാലയളവിൽ വിവിധ ബില്ലുകളിൽ തീരുമാനമെടുക്കാതിരുന്നതാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടപ്പോൾ അദ്ദേഹം എന്താണ് ചെയ്തത്? ആകെ എട്ടു ബില്ലുകളിലാണ് അദ്ദേഹം തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയത്. അതിൽ ഏഴു ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.

ഇത് തീർച്ചയായും അലോസരപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം, ഏഴു ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതോടെ ആ സംസ്ഥാനത്തെ നിയമനിർമാണ പ്രവർത്തനങ്ങൾ സ്തംഭിക്കാൻ സാധ്യത കൂടുകയാണ്. കാരണം, ഗവർണർ ഒരു ബില്ല് തിരിച്ചയയ്ക്കുന്നതുപോലെയല്ല ഇത് (ബില്ലുകൾ തിരിച്ചയച്ചാൽ തീർച്ചയായും ഗവർണർ ഒപ്പിടണം). ഇത് കേന്ദ്രസർക്കാരിന്റെ മുന്നിലെത്തുകയും കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുകയും ചെയ്താൽ അതോടെ ബില്ലിന്റെ കഥ കഴിഞ്ഞു’’ – ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയും അതിനെതിരായ കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയും, തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പാസാക്കിയ ഭേദഗതി ബിൽ, ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി നൽകിയ ഉത്തരവ് എന്നിവയാണ് ഈ വർഷത്തെ ‘അസ്വസ്ഥ’പ്പെടുത്തുന്ന നാലു കാര്യങ്ങളിൽ ശേഷിക്കുന്നവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button