തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മൊത്തം 301 ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഒന്നിച്ച് തുറക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. തിരക്ക് ഒഴിവാക്കാനുള്ള പ്രായോഗിക നടപടികള്‍ ആലോചിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഓര്‍ഡര്‍ സ്വീകരിച്ച് ഔട്ട്ലെറ്റ് വഴി മദ്യം വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ എന്ന് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കൂ എന്ന കാര്യത്തില്‍ തീരുമാനമാകൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയസമയത്തും മദ്യത്തിന്റെ വില വര്‍ധിപ്പിച്ച് വരുമാനം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എക്സൈസ് നികുതി വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു അന്നത്തെ വിലക്കയറ്റം. നൂറ് ദിവസത്തിന് ശേഷം സര്‍ക്കാര്‍ അത് റദ്ദ് ചെയ്തിരുന്നു. ഇന്ന് കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാനാണ് മദ്യവില വര്‍ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
ബാര്‍ ഹോട്ടലുകളില്‍ പ്രത്യേകം കൗണ്ടര്‍ സജ്ജീകരിച്ചും മദ്യവില്‍പന നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവിടെയൊന്നും ഇരുന്ന് മദ്യം കുടിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി വാങ്ങേണ്ട സൗകര്യമാകും ഒരുക്കുക. ബിവറേജ് കോര്‍പറേഷന്റെ വിലയാകണം ബാര്‍ ഹോട്ടലിലും ഈടാക്കേണ്ടത്.