ഉപതെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ പാലായില്‍ കേരളാ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ളാലം ബ്ലോക്ക് ഭരണം നഷ്ടമായി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ശക്തികേന്ദ്രമായ ളാലം ബ്ളോക്കിന്റെ ഭരണം കേരള കോണ്‍ഗ്രസിന് നഷ്ടമായി. അഡ്വ. ജോസ് പ്ലാക്കൂട്ടത്തിലൂടെ ഭരണം കോണ്‍ഗ്രസ് സ്വന്തമാക്കി. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിജി തമ്പിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. ജിജി ആറ് വോട്ടുകള്‍ നേടിയപ്പോള്‍ കേരള കോണ്‍ഗ്രസ് അംഗത്തിന്റേതടക്കം ഏഴ് വോട്ടുകള്‍ ജോസ് പ്ലാക്കൂട്ടം നേടി.
കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പാലാ ളാലം ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസമാണ് കേരള കോണ്‍ഗ്രസിന് തിരിച്ചടിയായത്. കേരള കോണ്‍ഗ്രസിലെ സിബി ഓടയ്ക്കലായിരുന്നു ഇവിടെ പ്രസിഡന്റ്. പാര്‍ട്ടിയ്ക്കുള്ളിലെ മുന്‍ധാരണ പ്രകാരം ജിജി തമ്പിയ്ക്ക് പ്രസിന്റ് പദവി നല്‍കുന്നതിനാണ് സിബി രാജിവെച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. 13 അംഗ ബ്ലോക്കില്‍ 12 പേരാണ് ഹാജരായത്. ഒരു കേരള കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായപ്പോള്‍ ഒരാളുടെ വോട്ട് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തു.
പാലാ ഉപതെരഞ്ഞടുപ്പോടുകൂടി കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. മുത്തോലിയില്‍ കോണ്‍ഗ്രസിന്റെ പതാക കത്തിക്കുന്നതിലേയ്ക്ക് വരെ പ്രതിഷേധം നീണ്ടു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസ് കാര്യമായി ഗൗനിച്ചില്ല. പതാക കത്തിച്ചയാളെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഇയാള്‍ പങ്കെടുത്തത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു.