കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിരിച്ചുവിട്ടതായി ജോണി നെല്ലൂര്‍
കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍. ജോസഫ് വിഭാഗവുമായി ലയിച്ചതിനാലാണ് നടപടിയെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം ഏഴിന് വൈകുന്നേരം നാലിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വെച്ചാണ് ലയന സമ്മേളനം നടക്കുയെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. നിലവില്‍ കഴിഞ്ഞ 24 വര്‍ഷമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പിന്റെ ചെയര്‍മാനാന്‍ താനാണ്. തന്റെ പേരിലാണ് പാര്‍ട്ടിയുടെ രജിസട്രേഷനും ഉള്ളത് ഈ സാഹചര്യത്തില്‍ പാര്‍ടി പിരിച്ചുവിടാന്‍ തനിക്ക് അധികാരമുണ്ടെന്നും ഇക്കാര്യം താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റിയും ഉന്നതാധികാര സമിതിയും 10 ജില്ലാ കമ്മിറ്റിയും ലയന പ്രമേയം അംഗീകരിച്ചു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലയനം നടക്കുന്നത്. കഴിഞ്ഞ 21 ന് കോട്ടയത്ത് ചേര്‍ന്ന് പാര്‍ടിയുടെ ഉന്നതാധികാര സമിതിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും യോഗം പി ജെ ജോസഫും സി എഫ് തോമസും നയിക്കുന്ന കേരള കോണ്‍ഗ്രസ്(എം)ല്‍ ലയിക്കാന്‍ തീരുമാനമെടുത്തത്.
തുടര്‍ന്ന് ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ക്കായി അഞ്ചംഗ ഉപസമിതിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാണി ഗ്രൂപ്പിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ഈ മാസം ഏഴിന് ലയനം നടത്താന്‍ തീരൂമാനിച്ചത്.പാര്‍ടിയുടെ 17 ഭാരവാഹികളില്‍ 10 പേരും തീരുമാനത്തിന് അനൂകൂലമായി ഒപ്പമുണ്ട്.14 ജില്ലാ പ്രസിഡന്റുമാരില്‍ 10 പേരും തങ്ങള്‍ക്കൊപ്പമാണ്.അനൂപ് ജേക്കബ്ബിന്റെ നേതൃത്വത്തിലുളള ചെറിയ വിഭാഗം മാത്രമാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.