കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചൊവ്വാഴ്ച നടത്താനിരുന്ന യോഗങ്ങള്‍ക്ക് കോടതിയുടെ സ്‌റ്റേ
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചൊവ്വാഴ്ച നടത്താനിരുന്ന ഉന്നതാധികാര സമിതി, സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങള്‍ക്ക് കോടതിയുടെ സ്‌റ്റേ. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോട്ടയം മുന്‍സിഫ് കോടതി ഉത്തരവ്.
കഴിഞ്ഞ ദിവസം ഏതാനും ജോസ് കെ മാണി വിഭാഗം നേതാക്കളെ പുറത്താക്കിയ നടപടിക്കു അംഗീകാരം നല്‍കാനാണ് ജോസഫ് വിഭാഗം സ്റ്റീയറിങ് കമ്മിറ്റിയും ഉന്നതാധികാര സമിതിയും വിളിച്ചത്. ജോസ് കെ. മാണിയെ അനുകൂലിക്കുന്ന നാലു ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 21 പേരെയാണ് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. ആറു ജില്ലാ പ്രസിഡന്റുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഇതില്‍പെടും.
ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത, കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണു ജോസ് കെ. മാണി വിഭാഗം നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത്. യോഗത്തില്‍ പങ്കെടുത്ത നടപടി നിയമവിരുദ്ധമാണെന്നും പി.ജെ.ജോസഫ് തപാലില്‍ അയച്ച കത്തില്‍ പറയുന്നു. ഉന്നതാധികാര സമിതിയില്‍ 97 പേരും സ്റ്റിയറിങ് കമ്മിറ്റിയില്‍ 28 പേരുമാണു നിലവിലുള്ളത്.
അതേസമയം ജോസ് കെ. മാണി വിഭാഗം സ്റ്റീയറിങ് കമ്മിറ്റി കോട്ടയത്തു തുടങ്ങി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു തങ്ങളെ പുറത്താക്കിയെന്ന പി.ജെ.ജോസഫിന്റെ അവകാശവാദം അംഗീകരിക്കില്ലെന്നു നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പി.ജെ.ജോസഫിന് അധികാരമില്ല. പാര്‍ട്ടിയെ തകര്‍ക്കാനുള്ള പി.ജെ.ജോസഫിന്റെ ശ്രമങ്ങളെ പ്രവര്‍ത്തകര്‍ ചെറുത്തുതോല്‍പിക്കുമെന്നും പുറത്താക്കപ്പെട്ട നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.