സംസ്ഥാന കമ്മറ്റി യോഗത്തില്‍ മാറ്റമില്ല; യോഗം ചേരുന്നത് പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായെന്ന് ജോസ് കെ. മാണി
കോട്ടയം: എല്ലാവരെയും അറിയിച്ചശേഷമാണ് സംസ്ഥാന കമ്മറ്റി യോഗം വിളിച്ചതെന്നും അതില്‍ മാറ്റമില്ലെന്നും ജോസ് കെ. മാണി എം.പി. പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായാണ് യോഗം ചേരുന്നതെന്നും സമവായ ചര്‍ച്ചകളെല്ലാം പാളിയ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണി വിഭാഗം വിളിച്ചു ചേര്‍ത്ത യോഗം അനധികൃതമാണെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരമുള്ളത് തനിക്ക് മാത്രമാണെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് യോഗത്തില്‍ മാറ്റമില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയത്.
അതേസമയം കേരള കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. നിര്‍ഭാഗ്യകരവും വേദനാജനകവുമായ നടപടിയാണത്. പാര്‍ട്ടിയുടെ ഐക്യം നിലനിര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നത്. തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പലരും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി ഔദ്യോഗികമായി സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടില്ല. പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫാണ് യോഗം വിളിക്കേണ്ടത്. അദ്ദേഹം യോഗം വിളിച്ചിട്ടില്ലെന്നു മാത്രമല്ല ആരെങ്കിലും യോഗത്തില്‍ പങ്കെടുത്താല്‍ അത് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.