തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം ഇന്നലെ ആവേശക്കൊടുമുടിയിലെത്തിയാണ് കൊട്ടിക്കലാശം അവസാനിച്ചത്.
വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ മൂന്നു മുന്നണികള്‍ക്കും ഈ തെരഞ്ഞെടുപ്പിലെ വിജയം പ്രാധാന്യമേറിയതാണ്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ്ഷോ നടത്തി. അവസാനം വരെ ഒപ്പത്തിനൊപ്പം പോരാടിയതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.
പരസ്യ പ്രചാരണം അവസാനിച്ചതിനുശേഷം മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത മുഴുവന്‍ ആളുകളും മണ്ഡലം വിട്ടു പോകേണ്ടതാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിരുന്നു. അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ മദ്യം, പണം എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ്ഗ്, കാസര്‍ഗോഡ് താലൂക്കുകളില്‍ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ച് നിരീക്ഷണം ആരംഭിച്ചു.