തിരുവനന്തപുരം: ആഴ്ചകൾ നീണ്ട പ്രചണ്ഡമായ പ്രചാരണത്തിനൊടുവിൽ കേരളം പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പ് ദിനത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലകൾക്കായി 59,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 140 കമ്പനി കേന്ദ്ര സേന കേരളത്തിലെത്തിയിട്ടുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമായാണ്.152 സ്ഥലങ്ങളിൽ അതിർത്തി വഴികൾ അടച്ചു.പ്രശ്‌നബാധിത ബൂത്തുകളിൽ അധിക സുരക്ഷയും വീഡിയോ ചിത്രീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ പോളിംഗ് ബൂത്തുകളിൽ മോക്ക് പോളിംഗ് തുടങ്ങി. സ്ഥാനാർഥികളുടെ ബൂത്ത് ഏജൻ്റുമാരുടെ സാന്നിധ്യത്തിലാണു മോക് പോളിങ്. ഒരു വോട്ടിങ് യന്ത്രത്തിൽ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണി തിട്ടപ്പെടുത്തിയശേഷം യന്ത്രം ക്ലിയർ ചെയ്ത് സീൽ ചെയ്യും. ഇതിനു ശേഷം ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും
സംസ്ഥാനത്ത് ഇരട്ടവോട്ട് തടയാൻ പ്രത്യേക ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒന്നിലേറെ വോട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് 38,566 പേർക്കാണ് ഇവർ വോട്ടുചെയ്യാനെത്തുമ്പോൾ ഫോട്ടോയും വിരലടയാളവും ശേഖരിക്കും. ഇരട്ട വോട്ട് പട്ടികയിലുള്ളവർ പ്രത്യേക സത്യവാങ്മൂലം നൽകണം. രണ്ടാം വോട്ട് ചെയ്യാൻ ശ്രമിച്ചാൽ ആപ്പുവഴി കണ്ടെത്താനാകും. ഇരട്ട വോട്ട് പട്ടിക പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കും. കള്ളവോട്ടിന് ശ്രമിച്ചാൽ ഉടൻ അറസ്റ്റ് എന്ന് മുന്നറിയിപ്പ്.
2,74,46,309 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. ഇതിൽ 52 ശതമാനത്തിനടുത്ത് വോട്ടർമാർ സ്ത്രീകളാണ്. ഇക്കുറി 290 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.