35.2 C
Kottayam
Wednesday, May 8, 2024

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയ്ക്കുള്ള വീജ്ഞാപനമായി; പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍

Must read

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയില്‍ പ്രാഥമിക പരീക്ഷ നടത്തും. വിശദമായ സിലബസും വിജ്ഞാപനത്തോടൊപ്പം പുറത്തിറക്കി. കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് പിഎസ്സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ.എം കെ സക്കീറാണ് സുപ്രധാന പരീക്ഷയുടെ വിജ്ഞാപനം ഇറക്കിയത്. കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.inല്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.

ഉദ്യോഗാര്‍ഥികളുടെ റാങ്ക് നിര്‍ണ്ണയിക്കുന്ന മുഖ്യപരീക്ഷ വിവരണാത്മക പരീക്ഷയാണ്. ഇതിന്റെ മൂല്യനിര്‍ണ്ണയം, വേഗത്തിലാക്കുന്നതിനുവേണ്ടി, കമ്ബ്യൂട്ടര്‍വത്കൃത ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിലൂടെയാണ് നിര്‍വ്വഹിക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ കമ്മിഷന്‍ നടത്തിവരികയാണ്. ഇംഗ്ലീഷിനൊപ്പം ഭരണഭാഷയും കെഎഎസ്. പരീക്ഷാ സ്‌കീമിന്റെ അവിഭാജ്യ ഘടകമാണെന്ന് പിഎസ്സി അറിയിച്ചു. ഭാഷാന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണനന നല്‍കികൊണ്ടാണ് പരീക്ഷാസ്‌കീം തയ്യാറാക്കിയിരിക്കുത്.

അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ അടിസ്ഥാന ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് കെഎഎസിന് അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് സ്ട്രീമുകളിലായാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നത്. ഓന്നാമത്തെ സ്ട്രീമില്‍ നിശ്ചിത യോഗ്യത നേടിയ ഏതൊരു ഉദ്യോഗാര്‍ഥിയ്ക്കും നിശ്ചിത പ്രായപരിധിക്കുളളിലാണെങ്കില്‍ അപേക്ഷിക്കാന്‍ കഴിയും.

രണ്ടാമത്തെ സ്ട്രീമില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി നിശ്ചിത പ്രായപരിധിക്കുളളിലാണെങ്കില്‍ അപേക്ഷിക്കാന്‍ കഴിയും. മൂന്നാമത്തെ സ്ട്രീമില്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുളള വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും എ ഒ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങി കോമണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.

പ്രാഥമിക പരീക്ഷ സ്‌ക്രീനിങ് ടെസ്റ്റ് മാത്രമായിരിക്കുമെന്ന് പിഎസ്സി വ്യക്തമാക്കി. ഒഎംആര്‍ രീതിയിലായിരിക്കും പരീക്ഷ നടത്തുക. ഒന്നാം പേപ്പര്‍ (ജനറല്‍) 100 മാര്‍ക്കിനായിരിക്കും. രണ്ടാം പേപ്പറില്‍ 50 മാര്‍ക്കിന്റെ പൊതുവിജ്ഞാന ചോദ്യങ്ങള്‍. ബാക്കി 30 മാര്‍ക്കിന് ഭരണഭാഷ/ പ്രാദേശിക ഭാഷാ നൈപുണ്യവും 20 മാര്‍ക്കിന് ഇംഗ്ലീഷ് ഭാഷാനൈപുണ്യവും വിലയിരുത്തും.

വിവിധ സംവരണ സമുദായങ്ങള്‍ക്ക് നിയമപ്രകാരമുള്ള പ്രാതിനിധ്യം നല്‍കാന്‍ മാര്‍ക്ക് താഴ്ത്തി പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കും. ഇതില്‍ ഉള്‍പ്പെടുന്നവരാകും ഫൈനല്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടുക. സംസ്ഥാനത്താകെ ഒറ്റ ഘട്ടമായാകും പ്രാഥമിക പരീക്ഷ നടത്തുക. അംഗപരിമിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് ബെഞ്ച്മാര്‍ക്ക് ഡിസെബിലിറ്റി മാനദണ്ഡ പ്രകാരമുള്ള അര്‍ഹത നിര്‍ണയിച്ച് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം പിഎസ്സി അംഗീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week