വേരിക്കോസ് വെയിനിന്റെ മൂര്‍ദ്ധന്യാവസ്ഥ,കീരിക്കാടന്‍ ജോസിന്റെ നരകതുല്യ ജീവിതം,യാഥാര്‍ത്ഥ്യമിതാണ്
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന ഒറ്റക്കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളായി ഉയര്‍ന്ന താരമാണ് കീരിക്കാടന്‍ ജോസ് എന്ന മോഹന്‍ രാജ്. നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച നടന്‍. ഇപ്പോള്‍ താരത്തിന്റെ അവസ്ഥ പരിതാപകരമാണ്. അവശ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പറയുന്നു.
”ഞാന്‍ ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കണ്ടു. പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അദ്ദേഹം ദുരിതക്കയത്തിലല്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഇല്ല. അദ്ദേഹത്തിന്റെ വീട്ടുകാരുമായും ഡോക്ടറുമായും സംസാരിച്ചു. ഇടവേള ബാബുച്ചേട്ടന്റെ ഒരു വോയ്സ് ക്ലിപ്പ് ഇപ്പോള്‍ വന്നിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നതാണ് സത്യം. അതായത്, ജോസേട്ടന് കാലിനാണ് പ്രശ്നം. വെരിക്കോസ് വെയിനിന്റെ മൂര്‍ധന്യാവസ്ഥയിലാണ് അദ്ദേഹം.
മുട്ടിനും ചെറിയ കുഴപ്പമുണ്ട്. നടക്കാനും നില്‍ക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടാണ്. അതിന്റെതായ വിഷമതകള്‍ ഉണ്ട്. അല്ലാതെ പ്രചരിക്കും പോലെ ഭീകരമല്ല കാര്യങ്ങള്‍. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍. സഹോദരന്‍ കൂടെത്തന്നെയുണ്ട്. അദ്ദേഹം ഗതികേടിലാണ് എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്.”- ബാദുഷ പറഞ്ഞു