FeaturedKeralaNews

ഐഫോണിലെ ‘വിവരങ്ങൾ ചോർത്താൻ ശ്രമം’; തന്റെ ഫോണിൽ സ്‌പൈവെയർ സാന്നിധ്യമെന്ന് കെ.സി വേണു​ഗോപാൽ

കോഴിക്കോട്: തന്‍റെ ഫോണിൽ സ്‌പൈവെയര്‍ സാന്നിധ്യമുള്ളതായി ആപ്പിളിന്‍റെ മുന്നറിയിപ്പ് ലഭിച്ചതായി കോൺഗ്രസ് എം.പി. കെ.സി. വേണു​ഗോപാൽ. പെഗാസസിനെ പോലെയുള്ള ഒരു സ്‌പൈവെയര്‍ ആക്രമണത്തിന് ഉപഭോക്താക്കള്‍ ഇരയായേക്കാമെന്ന് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കെസി വേണു​ഗോപാൽ എംപിക്കും സ്‌പൈവെയര്‍ മുന്നറിയിപ്പ് ലഭിച്ചത്.

മുന്നറിയിപ്പിന് പിന്നാലെ പ്രധാനമന്ത്രി മോദിക്കെതിരേ വിമർശനവുമായി കെ.സി. വേണുഗോപാൽ എക്സിൽ കുറിപ്പ് പങ്കുവെച്ചു. ‘നിങ്ങളുടെ പ്രിയപ്പെട്ട സ്പൈവെയറിനെ എൻ്റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി മോദിജിക്ക് നന്ദി. നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് ആപ്പിൾതന്നെ അറിയിച്ചു’, അദ്ദേഹം കുറിച്ചു.

ഭരണഘടനാവിരുദ്ധമായ രീതിയിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്, രാഷ്ട്രീയ എതിരാളികളെ പിന്തുടർന്ന് അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുകയാണ്. ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ എതിർക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഫോണിലേക്ക് ഒരു മെഴ്‌സിനറി സ്‌പൈവെയര്‍ ആക്രമണം നടക്കുന്നതായി ആപ്പിള്‍ കണ്ടെത്തിയിരുന്നു. ഇത്തരം ആക്രമണങ്ങള്‍ കൃത്യമായി കണ്ടെത്തുക പ്രയാസമാണ്. മുന്നറിയിപ്പ് ഗൗരവത്തില്‍ എടുക്കണമെന്നും ആപ്പിള്‍ നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഒരു ചെറിയവിഭാഗം വ്യക്തികള്‍ക്കും ഉപകരണങ്ങള്‍ക്കും എതിരെ വലിയ രീതിയിലുള്ള ശക്തമായ ആക്രമണമാണ് മെഴ്സിനറി സ്പൈവെയര്‍ ആക്രമണം. ഇത്രയും ചിലവുള്ള ആക്രമണങ്ങള്‍ സാധാരണ ഭരണകൂടങ്ങളുടേയും ഏജന്‍സികളുടെയും പിന്തുണയിലാണ് നടക്കാറുള്ളത്. പെഗാസസ് അതിന് ഒരു ഉദാഹരണമാണ്. പത്രപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍ എന്നിവരെയാണ് സാധാരണ ഇത്തരം ആക്രമണങ്ങള്‍ ലക്ഷ്യമിടാറുള്ളതെന്നും ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker