കാര്യവട്ടം കാമ്പസിൽ എം.ടെക്ക് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എം.ടെക് വിദ്യാർത്ഥി ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം സർവകലാശാല കാമ്പസിലെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. സർവ്വകലാശാലയുടെ ജീവനക്കാർ പെട്രോളിങ്ങിന് കാട്ടിനുളളിൽ പോകുന്ന സമയം ശക്തമായ ദുർഗന്ധത്തെ തുടർന്നുള്ള പരിശോധനയിലാണ് മൃതദേഹം കാട്ടിനുള്ളിൽ കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികിൽ നിന്ന് കിട്ടിയ ബാഗിനുള്ളിൽ പത്മനാഭന്റെ മൊബൈൽ ഫോണും പുസ്തകവും പൊലീസ് കണ്ടെത്തി. അതിൽ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
രണ്ടാം വര്‍ഷ എം.ടെക് വിദ്യാര്‍ഥിയായ കോഴിക്കോട് വടകര സ്വദേശി ശ്യാം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ശ്യാമിന്റെ മൊബൈല്‍ഫോണ്‍ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്ത് ഉള്ളതായി വിവരം ലഭിച്ചിരുന്നു.