ബെംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യാത്ത കര്‍ണാടക ഹൈക്കോടതിയുടെ വിധി പ്രസ്താവം പുറത്ത്. എസ്എഫ്‌ഐഒ അന്വേഷണം നിയമപരമെന്ന് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു. അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ലെന്നും വിധിയില്‍ വിശദീകരിക്കുന്നു.
46 പേജുള്ള വിധി പ്രസ്താവമാണ് പുറത്തുവന്നത്. ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെ സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് ഉത്തരവ്. എക്സാലോജികിന് എതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നാണ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി വന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒറ്റവാചകത്തില്‍ പൂര്‍ത്തിയാക്കിയ വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
വീണാ വിജയന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും കൂടുതല്‍ പ്രതിരോധത്തിലായി. മടിയില്‍ കനമില്ലാത്തത് കൊണ്ട് അന്വേഷണത്തെ ഭയമില്ലെന്ന പഴയ വാദം പാര്‍ട്ടിയെ ഇപ്പോള്‍ തിരിഞ്ഞു കൊത്തുകയാണ്.
ഭയപ്പെടാന്‍ ഒന്നും ഇല്ലെങ്കില്‍ എന്തിന് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചു എന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തിന്റെ ഉത്തരം മുട്ടിക്കുന്നുണ്ട്. നിയമപരമായ തടസം നീങ്ങിയതോടെ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടി എത്തുകയാണ്.