മലപ്പുറം : കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവര്‍ഷൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. അതേസമയം, വെള്ളമുള്ള റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ റണ്‍വേയ്ക്കും വിമാനത്തിന്റെ ടയറുകള്‍ക്കുമിടയില്‍ വെള്ളപ്പാളി രൂപപ്പെടുന്ന അക്വാപ്ലെയിനിങും ഉണ്ടായിട്ടുണ്ടാകാമെന്നുമാണ് അപകടത്തിന്റെ പ്രാഥമിക നിഗമനം. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിര്‍ത്താനാവാതെ വരാം.
അപകടത്തില്‍ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു. മരണമടഞ്ഞ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 23 പേരുടേത് സാരമായ പരുക്കാണ്.