KeralaNews

കൊടുവള്ളി സംഘവുമായി ഡീല്‍,ആയങ്കിയുമായി രഹസ്യധാരണ,ദുബായ് ഏജന്റ് കളിച്ചത് ഡബിള്‍ ഗെയിം

കൊച്ചി: സ്വര്‍ണക്കടത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നതു ദുബായ് ഏജന്റിന്റെ ‘ഡബിള്‍ ഗെയിം’ എന്നു കസ്റ്റംസ് സ്ഥിരീകരിച്ചു. സ്വര്‍ണം കടത്താന്‍ ദുബായിലെ ഏജന്റിനെ ചുമതലപ്പെടുത്തിയതു കൊടുവള്ളി സംഘമാണെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് അന്വേഷണസംഘത്തിനു മൊഴി നല്‍കി. എന്നാല്‍, സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിക്കും കണ്ണൂര്‍ സ്വദേശിയായ യൂസഫിനും ദുബായ് ഏജന്റ് വിവരങ്ങള്‍ ചോര്‍ത്തി. തുടര്‍ന്നു 3 സംഘങ്ങളാണ് അന്നു കരിപ്പൂരിലെത്തിയത്

ഡബിള്‍ ഗെയിം ഇങ്ങനെ

കഴിഞ്ഞ 21നു പുലര്‍ച്ചെ 2.33 കിലോ സ്വര്‍ണം കരിപ്പൂരില്‍ എത്തുന്ന വിവരവും കാരിയറുടെ പേരും ഫോണ്‍ നമ്പറും ദുബായിലെ ഏജന്റ്, അര്‍ജുന്‍ ആയങ്കിക്കു കൈമാറുന്നു.

കാരിയറായ മുഹമ്മദ് ഷഫീഖിനെ അര്‍ജുന്‍ വാട്‌സാപ് വഴി വിളിച്ച് ഇടപാട് ഉറപ്പിക്കുന്നു. 40,000 രൂപയും കൊടി സുനി സംഘത്തിന്റെ സംരക്ഷണവും ഉറപ്പു നല്‍കുന്നു. പുറത്ത് ഇറങ്ങുമ്പോള്‍ ധരിക്കേണ്ട ഷര്‍ട്ടിന്റെ നിറവും നിര്‍ദേശിക്കുന്നു.

ദുബായ് ഏജന്റ് കണ്ണൂര്‍ സ്വദേശിയായ യൂസഫിനും വിവരങ്ങള്‍ കൈമാറുന്നു.

ന്മ യൂസഫും വാട്‌സാപ് വഴി ഷഫീഖിനെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തുവരുമ്പോള്‍ ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം നിര്‍ദേശിക്കുന്നു.

സ്വര്‍ണം തട്ടിയെടുത്തേക്കുമെന്നു സൂചന ലഭിച്ച കൊടുവള്ളി സംഘം കവര്‍ച്ചക്കാരെ നേരിടാന്‍ ചെര്‍പ്പുളശേരിയിലെ ഗുണ്ടകളുമായി കരിപ്പൂരില്‍ തമ്പടിക്കുന്നു.

അര്‍ജുന്റെയും യൂസഫിന്റെയും ഗുണ്ടാ സംഘങ്ങള്‍ കരിപ്പൂരില്‍.

സ്വര്‍ണവുമായി വിമാനത്തില്‍ കയറിയ കാരിയര്‍ ഷഫീഖ്, അര്‍ജുന്‍ നിര്‍ദേശിച്ച നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് സെല്‍ഫിയെടുത്ത് അര്‍ജുന് അയയ്ക്കുന്നു.

തുടര്‍ന്ന് ഈ ഷര്‍ട്ട് മാറി യൂസഫ് നിര്‍ദേശിച്ച നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചു സ്വര്‍ണവുമായി പുറത്തുകടന്ന് സ്വര്‍ണം യൂസഫിനു കൈമാറാന്‍ തീരുമാനിക്കുന്നു.

ഇതിനിടയില്‍ വിവരം കസ്റ്റംസിനു സ്വര്‍ണക്കടത്തുകാരില്‍നിന്നു തന്നെ ചോര്‍ന്നുകിട്ടുന്നു.

സ്വര്‍ണം പിടിക്കപ്പെട്ട വിവരം ഷെഫീഖ് അര്‍ജുനെയും യൂസഫിനെയും അറിയിക്കുന്നു.

ചെര്‍പ്പുളശേരി ഗുണ്ടാ സംഘം ഇതറിയാതെ, സ്വര്‍ണം കിട്ടാതെ മടങ്ങുന്ന അര്‍ജുനെ അമിത വേഗത്തില്‍ പിന്തുടരുന്നു; അപകടത്തില്‍ 5 പേര്‍ മരിക്കുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയും നിയമവിദ്യാര്‍ഥിനിയുമായ അമലയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ 11 മണിയോടെ അഭിഭാഷകനൊപ്പമായിരുന്നു അമല കസ്റ്റംസിനുമുന്നില്‍ ഹാജരായത്. കണ്ണൂരില്‍ ഇവരുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അര്‍ജുന്റെ ഭാര്യയെ വിളിപ്പിച്ചത്.

ഉപയോഗിച്ചിരുന്ന ഫോണ്‍ അടക്കമുള്ള നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസില്‍ കഴിഞ്ഞദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയനായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റുണ്ടാവുകയില്ലെന്ന വിശ്വാസത്തിലാണ് അര്‍ജുന്‍ ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കിയ സൂചന.

എന്നാല്‍, അര്‍ജുനെതിരേ നിര്‍ണായക തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചിരുന്നു. സാമ്പത്തികശേഷിയില്ലാതിരുന്നിട്ടും അര്‍ജുന്‍ ആയങ്കി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പ്രത്യേകിച്ച് ഒരു ജോലിയും അര്‍ജുന് ഇല്ലായിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്യലില്‍ ഭാര്യയുടെ അമ്മ പണം നല്‍കി സഹായിച്ചതായി പറഞ്ഞിരുന്നു. ഈ പണംകൊണ്ടാണ് വീടുവച്ചതെന്നും അര്‍ജുന്‍ മൊഴി നല്‍കി. ഈ മൊഴികള്‍ കസ്റ്റംസ് വിശ്വാസത്തിലെടുത്തില്ല.

നിജസ്ഥിതി അറിയുന്നതിനുവേണ്ടിയാണ് അമലയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. അര്‍ജുന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്തു വിവരങ്ങളാണ് ലഭിച്ചതെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. അര്‍ജുന്‍ ആയങ്കിയുടെ റിമാന്‍ഡ് കാലാവധി ഇന്നു കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker