ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കപില്‍ മിശ്ര. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമാണ് മിശ്രയുടെ ഭീഷണി
കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. ചാന്ദ് ബാഗിലേയും ജാഫ്രാബാദിലേയും റോഡുകളില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഡല്‍ഹി പൊലീസിനോട് കപില്‍ മിശ്ര പറഞ്ഞത്.
‘പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. കപില്‍ മിശ്ര പറഞ്ഞു. ഇതിനിടെ, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. കൊല്ലപ്പട്ട ആറുപേര്‍ നാട്ടുകാരും ഒരാള്‍ ഹെഡ് കോണ്‍സ്റ്റബിളുമാണ്. സംഘര്‍ഷങ്ങളില്‍ 105 പേര്‍ക്ക് പരുക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും യോഗത്തില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ആംആദ്മി സംഘര്‍ഷ ബാധിത പ്രദേശത്തെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. അതേസമയം സംഘര്‍ഷം തുടരുകയാണ്.