ഭാര്യയുണ്ടെങ്കിലും നടിയുമായി അടുത്ത ബന്ധം,പവിത്രയ്ക്ക് അശ്ലീല മെസേജ് അയച്ചയാളെ അടിച്ചുകൊന്നു, ഗാര്‍ഹികപീഡനം മുതല്‍ ദൈവത്തെ അധിക്ഷേപിച്ചതിനുവരെ കേസുകള്‍
ബെംഗലൂരു:സൂപ്പർ സ്റ്റാർ ദർശൻ തൂങ്കുദീപയെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തതോടെ കന്നഡ സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയോടെ ഫാം ഹൗസിൽ വച്ചാണ് ബംഗളൂരു പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുന്നത്. കന്നഡ നടിയും ദർശന്റെ അടുത്ത സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.
കൊല നടത്തിയ ക്വട്ടേഷൻ സംഘമെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കന്നഡ സൂപ്പർ സ്റ്റാറിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന വിവരം ലഭിക്കുന്നത്. രേണുക സ്വാമിയെ ഫാംഹൗസിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ചിത്ര ദുർഗ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടെ സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് മൂന്ന് പേർ കീഴടങ്ങി. എന്നാൽ, തുടരന്വേഷണം ഒടുവിൽ പൊലീസിനെ ദർശനത്തിലെത്തിച്ചു. ഇതാദ്യമായല്ല ദർശനെ തേടി കേസുകളും വിവാദങ്ങളും എത്തുന്നത്. ആരാണ് ദർശൻ തൂങ്കുദീപ? താരത്തിന്റെ പേരിലുണ്ടായ വിവാദങ്ങൾ എന്തൊക്കെ പരിശോധിക്കാം…
സാൻഡൽവുഡിലെ സൂപ്പർ സ്റ്റാർ, ദർശൻ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. കലാകാരന്മാരുടെ കുടുംബത്തിലാണ് ദർശന്റെ ജനനം. അച്ഛൻ ശ്രീനിവാസ് പഴയ കാലത്തെ ജനപ്രിയ നടനായിരുന്നു, സഹോദരൻ ദിനകർ സംവിധായകനാണ്. 1997ൽ പുറത്തിറങ്ങിയ മഹാഭാരതയിലൂടെയാണ് ദർശൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. 27 വർഷത്തെ സിനിമ ജീവിതത്തിനിടെയിൽ 75ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2001 ൽ പുറത്തിറങ്ങിയ മജസ്റ്റിക് എന്ന ചിത്രമാണ് ദർശന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. ദാസ, കരിയ, ഗജ, നവഗ്രഹ, ബുൾബുൾ, സാരഥി, റോബർട്ട് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്.
സ്‌ക്രീനിൽ സൂപ്പർ സ്റ്റാറാണെങ്കിലും സ്‌ക്രീനിന് പുറത്ത് വിവാദങ്ങൾ ദർശനെ വിടാതെ പിന്തുടരാറുണ്ട്. അതുകൊണ്ട് തന്നെ വാർത്തകളിലും ദർശന്റെ പേര് സജീവമാണ്. 2011ൽ ഭാര്യയുടെ പരാതിയിലാണ് ദർശനെ ആദ്യമായി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗാർഹിക പീഡനക്കേസിലാണ് അന്നത്തെ അറസ്റ്റ്. ദർശന്റെ ക്രൂര മർദ്ദനത്തിനിരയായ ഭാര്യയ്ക്ക് വലിയ പരിക്കേറ്റിരുന്നു. ഈ കേസിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ താരം കഴിയേണ്ടി വന്നിരുന്നു. പിന്നീട് കേസ് കോടതിക്ക് പുറത്ത് പരിഹരിക്കുകയായിരുന്നു.
2016ലും ദർശൻ അധിക്ഷേപിച്ചതിന്റെ പേരിൽ ബംഗളൂരു പൊലീസിൽ ഭാര്യ പരാതി നൽകി. 2021ൽ മൈസൂരുവിലെ ഒരു ഹോട്ടലിലെ വെയിറ്ററെ മർദ്ദിച്ചതിന്റെ പേരിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 50,000 രൂപ നഷ്ടപരിഹാരം നൽകിയാണ് ഈ കേസ് ഒത്തുതീർപ്പാക്കിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് താരവും നടി പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. അന്ന് പവിത്ര ഗൗഡ തന്റെ സിനിമ ജീവിതത്തിലെ പത്ത് വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷം ദർശനൊപ്പമായിരുന്നു നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
ദർശൻ വിവാഹിതനാണെങ്കിലും താൻ അദ്ദേഹവുമായി അടുപ്പത്തിലാണെന്ന സൂചന പവിത്ര ഗൗഡ നൽകിയിരുന്നു. ‘ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു, ഞങ്ങളുടെ ബന്ധം പത്ത് വർഷമായി, നന്ദി’ എന്നായിരുന്നു അന്ന് പവിത്ര വീഡിയോയ്ക്ക് താഴെ കുറിച്ചത്.
കൂടാതെ ദർശന്റെ ഭാര്യയ്ക്ക് തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും അവർക്ക് ഒരു കുഴപ്പവുമില്ലെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും പവിത്ര അറിയിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം തന്നെയും മകളെയും അധിക്ഷേപിക്കുകയാണെന്ന് പവിത്ര പറഞ്ഞിരുന്നു.
2023ൽ ലക്ഷ്മിദേവിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ദർശനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തന്റെ ‘ക്രാന്തി’ എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ ദർശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ഭാഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലിൽ മുട്ടാറില്ല. അതിനാൽ, അവൾ വരുമ്പോൾ, അവളെ പിടിക്കുക, വലിച്ചിട്ട് അവൾക്ക് വസ്ത്രങ്ങൾ നൽകാതെ നിങ്ങളുടെ കിടപ്പുമുറിയിൽ പൂട്ടുക’- എന്നായിരുന്നു ദർശൻ പറഞ്ഞത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു വേദിയിൽ എത്തിയ താരത്തിന് നേരെ ജനങ്ങൾ ചെരുപ്പെറിഞ്ഞിരുന്നു.