കൊച്ചി:താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച കണ്‍മണി അന്‍പോട് എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ ഉപയോഗിച്ചത് അനുമതി ഇല്ലാതെയാണെന്ന ഇളയരാജയുടെ ആരോപണത്തില്‍ പ്രതികരിച്ച് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്‍റണി. അനുമതിയോടെയാണ് പ്രസ്തുത ഗാനം മഞ്ഞുമ്മല്‍ ബോയ്സില്‍ ഉപയോഗിച്ചതെന്നും ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും ഷോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
“പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല, മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിതാണ്”, ഷോണ്‍ പറയുന്നു.
ഗാനം ഉപയോഗിക്കാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ അനുമതി തേടിയിരുന്നില്ലെന്നും ടൈറ്റില്‍ കാര്‍ഡില്‍ പേര് പരാമര്‍ശിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നുമായിരുന്നു ഇളയരാജയുടെ നേരത്തെയുള്ള പ്രതികരണം. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിലും വന്‍ വിജയമാണ് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടിയിലധികം നേടിയ ചിത്രം ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍റെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സിനിമ വന്‍ വിജയം നേടിയതിനൊപ്പം കണ്‍മണി അന്‍പോട് എന്ന ഗാനം വീണ്ടും ആസ്വാദനശ്രദ്ധ നേടിയിരുന്നു. സിനിമയുടെ അണിയറക്കാരെയും താരങ്ങളെയും കമല്‍ ഹാസന്‍ ചെന്നൈയിലേക്ക് ക്ഷണിച്ച് കണ്ടിരുന്നു. അദ്ദേഹം അഭിനയിച്ച് 1991 ല്‍ പുറത്തെത്തിയ ഗുണ എന്ന ചിത്രത്തിലേതാണ് കണ്‍മണി അൻപോട് എന്ന് തുടങ്ങുന്ന ഗാനം.