തിരുവനന്തപുരം:അമ്മയുടെ മൃതദേഹത്തിന് മുന്നിൽ ഒരു മകൾ നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. പക്ഷേ മല്ലികാ സാരാഭായ് എന്ന ലോകമറിയുന്ന നർത്തകി അതു ചെയ്തു. തന്റെ അമ്മയും പ്രശസ്ത നർത്തകിയുമായ മൃണാളിനി സാരാഭായിക്ക് മരണാനന്തരം അവർ കൊടുത്ത ആദരം കൂടിയായി ആ നടനം. കരഞ്ഞുകൊണ്ട് യാത്രയാക്കുന്നതിന് പകരം, മൃണാളിനിക്ക് ഏറ്റവും ഇഷ്ടമുള്ള നൃത്തച്ചുവടുകളുമായി അവൾ അവരെ പറഞ്ഞയച്ചു. അതാണ് പത്മഭൂഷൻ മല്ലിക സാരാഭായ്. ഇന്ത്യൻ ശാസ്ത്രീയനൃത്തത്തിന് ലോക ഖ്യാതി നേടിക്കൊടുത്ത നർത്തകി. കുച്ചുപ്പുഡിയുടെയും ഭരതനാട്യത്തിന്റെയും അവസാന വാക്ക്. പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും, ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ പിതാവായിരുന്നു വിക്രം സാരാഭായിയുടെയും മകൾ.
ഗുജറാത്തിൽ സംഘപരിവാറിന് എതിരായ ഒരുപാട് രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന് ഈ നർത്തകി ഇപ്പോൾ ജന്മനാടായ കേരളത്തിലേക്ക് വീണ്ടും എത്തുകയാണ്. കേരള കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ ആയി മല്ലികാ സാരാഭായിയെ സർക്കാർ നിയമിച്ച് കഴിഞ്ഞു. കലാമണ്ഡലത്തിന്റെ തൊട്ടടുത്തുള്ള പാലക്കാട് ജില്ലയിലാണു ഇവരുടെ വേരുകൾ. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. മല്ലികയുടെ അഹമ്മദാബാദിലെ ‘ദർപ്പണ അക്കാദമി ഓഫ് പെർഫോർമിങ് ആർട്സ് കലയുടെ ആഗോള പഠനശാലയാണ്. ആ പരിചയം കലാമണ്ഡലത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമെന്ന പ്രതീക്ഷയാണ് ഈ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നത്.
സത്യത്തിൽ പിണറായി സർക്കാറിന്റെ കൃത്യമായ ഒരു രാഷ്ട്രീയ മറുപടി കൂടിയാണിത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി ഉണ്ടായ തുടർച്ചയായ തർക്കങ്ങളെ തുടർന്നാണ് സംസ്ഥാന സർക്കാറിന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. ഗവർണ്ണർ സംഘപരിവാർ അജണ്ട നടപ്പാക്കുന്ന എന്ന പരാതിക്കിടയിൽ, കടുത്ത മോദി വിരുദ്ധയായ മല്ലികസാരാഭായി കലാമണ്ഡലം ചാൻസലറായി എത്തുന്നതിന് പിന്നിലും കൃത്യമായ രാഷ്ട്രീയവുണ്ട്. നേരത്തെ പ്രത്യേക ഉത്തരവിലൂടെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ സർക്കാർ നീക്കിയിരുന്നു. ചാൻസലറുടെ കാര്യത്തിൽ കല്പിത സർവകലാശാലയുടെ സ്‌പോൺസറിങ് ഏജൻസിക്ക് തീരുമാനമെടുക്കാമെന്നാണ് യുജിസിയുടെ വ്യവസ്ഥ. കലാമണ്ഡലത്തിന്റെ സ്‌പോൺസറിങ് ഏജൻസി സർക്കാരായതിനാലാണ് ഗവർണറെ നീക്കാൻ പ്രത്യേക ഉത്തരവിറക്കാൻ സാധിച്ചത്.
മല്ലികാ സാരാഭായിയുടെ കഥയിലേക്ക് കടക്കുമ്പോൾ അമ്മ മൃണാളിനി സാരാഭായുടെ ജീവിതം പറയാതെ വയ്യ. പാലക്കാടുള്ള ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ് മൃണാളിനി. പ്രമുഖ സ്വതന്ത്ര്യസമര നായികയും ഐ.എൻ. എ.യുടെ പ്രവർത്തകയുമയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയാണ്. രാഷ്ട്രീയവും സാഹിത്യവും എല്ലാം തിളച്ചു മറിഞ്ഞ കുടുംബമായിരുന്ന അവരുടേത്. സ്വിറ്റ്സർലണ്ടിലായിരുന്നു അവർ തന്റെ ബാല്യം ചിലവഴിച്ചത്. അവിടെയുണ്ടായിരുന്ന ഒരു നൃത്തവിദ്യാലയത്തിൽ നിന്നുമാണ് മൃണാളിനി പാശ്ചാത്യ നൃത്തത്തിന്റെ ആദ്യ ചുവടുകൾ പഠിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ ഭരതനാട്യവും കുച്ചുപ്പുഡിയുമായി അവർ വളരെ പെട്ടെന്ന് പേരെടുത്തു. അങ്ങനെ ന്യുഡൽഹിയിലെ അവരുടെ ഒരു നൃത്ത പരിപാടി കാണാൻ എത്തിയതാണ് ഇന്ത്യൻ ബഹിരകാശ ഗവേഷണത്തിന്റെ തലതൊട്ടപ്പനായ സാക്ഷാൽ വിക്രം സാരാഭായി. ”ബഹളങ്ങൾക്കിടയിൽ സംഗീതം ശ്രവിക്കാൻ കഴിയുന്നവർക്കേ ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ” എന്ന് എഴുതിയ വിക്രം സാരാഭായിയുടെ കലകളിലുള്ള കമ്പം പ്രസിദ്ധമായിരുന്നു. അവർ അനുരാഗത്തിലായി. വൈകാതെ അവർ വിവാഹിതരുമായി.
വിക്രം തന്റെ ബഹിരാകാശ ഗവേഷണവുമായി തന്റെ തിരക്കേറിയ ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, മൃണാളിനി തന്റെ കലാജീവിതവുമായി മുന്നോട്ടുപോയി. ശാസ്ത്രത്തിന്റെയും കലയുടെയും മനോഹരമായ സമ്മേളനമായിരുന്നു തങ്ങളുടെ ദാമ്പത്യം എന്നാണ് വിക്രം ഇതുസംബന്ധിച്ച് പറഞ്ഞത്. മല്ലികളയുടെ ബാല്യവും ഇതിനിടയിൽ ആയിരുന്നു. അമ്മയും മകളും ചേർന്ന് തുടങ്ങിയ അഹമ്മദബാദിലെ ലോകപ്രശസ്തിയാർജ്ജിച്ച ”ദർപ്പണ” എന്ന കലാകേന്ദ്രം മൃണാളിനി സാരാഭായിക്കുള്ള നിത്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു.
1953 ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. ചെറുപ്പത്തിലേ നൃത്തം പഠിച്ചു. സിനിമ, എഴുത്ത്, നാടകം തുടങ്ങി വിവിധ കലാ മേഖലകളിൽ കഴിവ് തെളിയിച്ച അവർ നൃത്തം സംബന്ധിച്ച് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. പതിനഞ്ച് വയസ്സുള്ളപ്പോൾ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റർ ബ്രൂക്ക്സിന്റെ ‘ദി മഹാഭാരത’ എന്ന നാടകത്തിൽ ദ്രൗപതിയെ മല്ലികയാണ് അവതരിപ്പിച്ചത്. പഠനത്തിലും മിടുക്കിയായിരുന്നു. അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1976 ൽ ഡോക്ടറേറ്റും നേടി
1977 ൽ പാരുസിലെ തിയറ്റർ ഡി ചമ്പ്‌സ് എലൈസിയുടെ ഏറ്റവും മികച്ച നൃത്ത സോളോയിസ്റ്റ് പുരസ്‌കാരം അവരെത്തേടിയെത്തി. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടി. 2005 ൽ നൊബേൽ സമ്മാനത്തിനുള്ള പട്ടികയിൽ ഉൾപ്പെട്ടു. 2010 ൽ പത്മഭൂഷൻ നേടി. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മമ്മൂട്ടിയുടെ നായികാവേഷം ശ്രദ്ധിക്കപ്പെട്ടു.
വെറുതെ അഭിനയിച്ചും, നൃത്തം ചെയ്തും, സാമുഹിക-രാഷ്ട്രീയ വിഷയങ്ങളിൽ യാതൊരു അഭിപ്രായവും പറയാതെ കടന്നുപോകുന്ന ആളായിരുന്നില്ല മല്ലിക. സ്ത്രീ ശാക്തീകരണത്തിനും, വർഗീയവിരുദ്ധ പോരാട്ടത്തിനുമൊക്കെ അരങ്ങിനെ ഉപയോഗിക്കുന്ന ഒരു ആക്റ്റീവിസ്റ്റ് ആയിരുന്നു അവർ. 1989 ൽ ഏകാംഗ നാടകമായ ‘ശക്തി: ദ പവർ ഓഫ് വുമൺ’ അവർ അവതരിപ്പിച്ചു. തുടർന്ന് സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികൾ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
മല്ലിക സാരാഭായുടെ തിരക്കഥയിലുള്ള ഒരു നാടകമാണ് അൻസുനി. ഹർഷ് മന്ദറിന്റെ ‘കേൾക്കാത്ത ശബ്ദം’ എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ് അൻസുനിയുടെ കഥ. അരവിന്ദ് ഗൗർ ഇത് ഹിന്ദിയിലേക്ക് ഭാഷാന്തരം ചെയ്ത് ദർപ്പണ അക്കാഡമിക്ക് വേണ്ടി മല്ലിക സാരാഭായ് സംവിധാനം ചെയ്തു. തുടർന്ന് ഇന്ത്യയിൽ ഉടനീളം ഈ നാടകം അവർ അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിനുള്ള സന്ദേശമായിരുന്നു അതിൽ നിറഞ്ഞു നിന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി മല്ലിക സാരാഭായി പറയുന്നത് പിതാവ് വിക്രം സാരാഭായിയുടെ വിയോഗമാണ്. മല്ലികക്ക് വെറും 18 വയസ്സുള്ളപ്പോഴാണ്, ഒരുപാട് ബഹിരാകാശ സ്വപ്നങ്ങൾ നെഞ്ചിലേറ്റി ആ മഹാനായ ശാസ്ത്രജ്ഞൻ കടന്നുപോയത്. ആ മരണത്തിന്റെ ദുരൂഹത ഇന്നും തീർന്നിട്ടില്ല.
1971 ഡിസംബർ 30-ന് കോവളത്ത് പഞ്ചനക്ഷത്ര റിസോർട്ടിനുള്ളിൽ വച്ച് മരിച്ച നിലയിലാണ് വിക്രം സാരാഭായിയെ കാണപ്പെട്ടത്, ഇന്ത്യയെ നടുക്കിയിരുന്നു. തന്റെ അമ്പത്തിരണ്ടാമത്തെ വയസ്സിൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് തറക്കല്ലിടാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. മരിക്കുന്നതിന്റെ തലേന്ന് ഒരു റഷ്യൻ റോക്കറ്റിന്റെ പരീക്ഷണം നേരിട്ടുകണ്ടു. തുമ്പ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അതിന് തൊട്ടടുത്ത ദിവസമാണ് സാരാഭായി ‘ഹാൽക്കിയോൺ കാസിൽ’ എന്നറിയപ്പെട്ടിരുന്ന, പിന്നീട് ലീലാ കെമ്പിൻസ്‌കി ആയി മാറിയ, ഇപ്പോൾ റാവിസ് എന്നപേരിലുള്ള കോവളം പഞ്ചനക്ഷത്ര റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്.
അദ്ദേഹത്തിന്റെ കുടുംബം പോസ്റ്റുമോർട്ടം നടത്താൻ താൽപ്പര്യപ്പെട്ടില്ല. അതിനാൽ പരിശോധനകൾ നടത്താതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസം വരെയും അദ്ദേഹത്തിന് പറയത്തക്ക ഒരു അസുഖവും ഉണ്ടായിരുന്നില്ല. സാരാഭായി ഇന്ത്യയിലെ ശാസ്ത്രദൗത്യങ്ങളുടെയും മറ്റും ചുക്കാൻ പിടിച്ചിരുന്ന വ്യക്തി എന്ന നിലയ്ക്ക് സവിശേഷ സുരക്ഷ ഏർപ്പെടുത്തിയിരുന്ന വിഐപി ആയിരുന്നു. വിമാനങ്ങളിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റ് കാലിയാക്കി ഇടുമായിരുന്നു. അദ്ദേഹം തീവണ്ടിയിൽ സഞ്ചരിച്ചാൽ ഫസ്റ്റ് ക്‌ളാസിൽ ഒരു കൂപ്പെ തന്നെ അദ്ദേഹത്തിനായി ഒഴിച്ചിട്ടിരുന്നു.
അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ചാരസംഘടനകളുടെ വാച്ച് ലിസ്റ്റിൽ ഉള്ള ആളായിരുന്നു അദ്ദേഹം. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പല ശാസ്ത്രജ്ഞരുടെയും ദുരൂഹമരണങ്ങളിൽ മൊസ്സാദിനുള്ള പങ്ക് പിൽക്കാലത്ത് വെളിപ്പെട്ടിട്ടുണ്ട്. റോബർട്ട് ക്രോളി എന്ന സിഐഎ ഏജന്റുമായി, ഗ്രിഗറി ഡഗ്ലസ് എന്ന ജേർണലിസ്റ്റ് നടത്തിയ സംഭാഷണങ്ങൾ പിൽക്കാലത്ത് ‘കോൺവെർസേഷൻസ് വിത്ത് ദി ക്രോ’ എന്നപേരിൽ പുസ്തകമാവുകയുണ്ടായി. അതിൽ ക്രോളി അവകാശപ്പെടുന്നത് ഹോമി ജെ ഭാഭയുടെയും, ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ദുരൂഹമരണങ്ങളിൽ സിഐഎയ്ക്ക് പങ്കുണ്ടെന്നാണ്. ഇതിനോടൊക്കെ ചേർത്തുവായിക്കുമ്പോൾ അറ്റോമിക് എനർജി കമ്മീഷന്റെ താക്കോൽ സ്ഥാനം അലങ്കരിച്ചിരുന്ന വിക്രം സാരാഭായിയുടെ അകാലമരണത്തിലും ദുരുഹതയുണ്ടെന്നാണ് പലരും ഇപ്പോഴും പറയുന്നത്. പക്ഷേ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് മല്ലിക ഇതേക്കുറിച്ച് പറഞ്ഞത്. മൃതദേഹം കീറിമുറിക്കാൻ പാടില്ല എന്ന അന്നത്തെ ധാരണ കൊണ്ടാവണം ഓട്ടോപ്സി വേണ്ടെന്ന് വെച്ചത് എന്നും അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഡോ. നമ്പി നാരായണനും സാരാഭായിയുടെ കീഴിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്. നമ്പി നാരായണന്റെ ‘റെഡി ടു ഫയർ: ഹൗ ഇന്ത്യാ ആൻഡ് ഐ സർവൈവ്ഡ് ഐസ്ആർഒ സ്പൈ കേസ്’ എന്ന പുസ്തകത്തിൽ വിക്രം സാരാഭായുടെ പേരിൽ ഒരു അദ്ധ്യായം തന്നെയുണ്ട്. അധ്യായം നമ്പി നാരായണൻ അവസാനിപ്പിക്കുന്നതും ഈ ഒരു ദുരൂഹതയെപ്പറ്റി പരാമർശിച്ചുകൊണ്ടാണ്. പക്ഷേ, മേൽപ്പറഞ്ഞ ഗൂഢാചോലനാ സിദ്ധാന്തങ്ങളെ അതിൽ അദ്ദേഹം നിഷേധിക്കുന്നു.
‘ അമ്പത്തിരണ്ടുവയസ്സുവരെ ജീവിച്ചിരുന്ന, ഒരുപാട് നന്മകളുണ്ടായിരുന്ന, വിശേഷിച്ചൊരു തിന്മയും ആരാലും ആരോപിക്കപ്പെട്ടിട്ടില്ലാത്ത ഒരാൾ. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പട്ടുമെത്തയിൽ സുഖദമായ ഒരു നിദ്രയ്ക്ക് ശേഷം അങ്ങ് മരിച്ചുപോയിക്കാണും എന്ന് വിശ്വസിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. സാരാഭായി ജീവിതത്തിൽ ഒരിക്കലും മദ്യമോ സിഗരറ്റോ കൈകൊണ്ടുപോലും സ്പർശിച്ചിട്ടില്ല. എല്ലാ പാർട്ടികളിലും മുടങ്ങാതെ പങ്കെടുക്കുന്ന സാരാഭായുടെ കയ്യിൽ ഒരു ഗ്ലാസ്സുണ്ടാവുമെങ്കിലും ഒരു സിപ്പെടുക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല.
തന്റെ സൗഹൃദങ്ങൾ വളർത്താനുള്ള ഒരിടമായി മാത്രമാണ് അദ്ദേഹം പാർട്ടികളെ കണ്ടിരുന്നത്. തന്റെ ആരോഗ്യത്തിൽ ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം മുടങ്ങാതെ പ്രഭാത സവാരികൾക്ക് പോകുമായിരുന്നു. ഒടുവിൽ ഒരു പോസ്റ്റുമോർട്ടത്തിന്റെ ഒരു പാടുപോലും അവശേഷിപ്പിക്കാതെ മരിക്കാൻ ഭാഗ്യം സിദ്ധിച്ച അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം അജ്ഞാതമാണെങ്കിലും ദുരൂഹമാണെന്ന് കരുതേണ്ടതില്ല’- ഇങ്ങനെയാണ് നമ്പി നാരായണൻ അതേക്കുറിച്ച് പറയുന്നത്. പക്ഷേ മല്ലിക ഇതേക്കുറിച്ച കൂടുതൽ പ്രതികരിക്കാറില്ല.
സ്ത്രീ സ്വാതന്ത്ര്യത്തിന് കുച്ചുവിലങ്ങുകൾ ഉള്ള ഒരു നാട്ടിൽ എല്ലാവിധ സ്വാതന്ത്ര്യത്തോടുമാണ് താൻ വളർന്നത് എന്ന് മല്ലിക സാരാഭായി എഴുതിയിട്ടുണ്ട്. ”കാര്യങ്ങൾ എപ്പോഴും ഒളിച്ചു വെക്കാതെയാണ് ഞാൻ ചെയ്തത്”- എന്നാണ് അവർ തന്റെ കലാലയ ജീവിതം ഓർത്തുകൊണ്ട് പറയുന്നു. മിനിസ്‌കർട്ട് ധരിക്കലും ഡേറ്റിംഗും, വിവാഹേതര ബന്ധവും അക്കാലത്ത് മല്ലികയുടെ പതിവുകളായിരുന്നു.
പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ ബിപിൻ ഷായെ പിന്നീട് വിവാഹം കഴിച്ചു. പക്ഷേ ഏഴ് വർഷത്തിന് ശേഷം ഇവർ വിവാഹ മോചിതരായി. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. മകൻ രെവാന്തയും മകൾ അനഹിതയും. ബിപിൻ ഷായുമായി വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും ‘മാപ്പിൻ പബ്ലിഷിങ്’ എന്നൊരു സ്ഥാപനം രണ്ടു പേരുംകൂടി ചേർന്ന് നടത്തി വരുന്നു. വിവാഹംബന്ധം വേർപ്പെടുത്തിയാലും, മുൻ പങ്കാളിയെ നിങ്ങൾക്ക് സുഹൃത്തായി കാണാമെന്ന് സ്വ ജീവിതം കൊണ്ട് അവർ തെളിയിക്കുന്നു.
മല്ലികാസാരാഭായിയുടെ ജീവിത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്, പൊളിറ്റിക്കൽ ആക്റ്റീവിസത്തിലൂടെയാണ്. എന്നാൽ തന്റെ പൊളിറ്റിക്കൽ ആക്റ്റീവിസം തീരുമാനിച്ച് എടുത്തതല്ല എന്നും സമാനതകൾ ഇല്ലാത്ത സാഹചര്യങ്ങളിലൂടെ ഗുജറാത്ത് കടന്നുപോയപ്പോൾ, അതിൽപെട്ടുപോയതാണെന്നും അവർ പറയുന്നു. 2002 ലെ ഗുജറാത്ത് കലാപവും അതിൽ ഭരണകൂടത്തിന്റെ പങ്കും തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് മല്ലിക പറയുന്നു. നരേന്ദ്ര മോദി സർക്കാറിന്റെ പങ്കിനെ അവർ പരസ്യമായി വിമർശിച്ചു. നിരവധി പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തു. അരങ്ങിനെ ആക്റ്റീവിസ്റ്റ് കേന്ദ്രമാക്കി. പക്ഷേ ഇതുമൂലം ഭീഷണികളും പീഡനങ്ങളും ഒരുപാട് ഉണ്ടായി. ഗുജറാത്ത് സർക്കാർ തന്നെ പീഡിപ്പിക്കുകായാണെന്ന അവരുടെ പരാതി വലിയ വാർത്തയായി. 2002 ന്റെ ഒടുവിലായി മനുഷ്യക്കടത്ത് കുറ്റം ഇവർക്കെതിരെ ഗുജറാത്ത് സർക്കാർ ആരോപിച്ചങ്കിലും 2004 ഡിസംബറിൽ സർക്കാർ ആ കേസ് വേണ്ടെന്ന് വെച്ചു. ഇപ്പോഴും മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ കണ്ണിലെ കരടാണ് അവർ.
ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പോരടിച്ചു.ഗാന്ധിനഗർ ലോകസഭ സീറ്റിൽ ബിജെപി.യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എൽ.കെ. അദ്വാനിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം 2009 മാർച്ച് 1ന് മല്ലിക പ്രഖ്യാപിച്ചു. ഗുജറാത്ത് കോൺഗ്രസ്സ് ഘടകത്തോട് മല്ലികയെ പിന്തുണക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഒരു വേള ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവസാനം കോൺഗ്രസുകാർ കാലുവാരി. മല്ലിക കോൺഗ്രസ്സ് സ്ഥാനാർത്ഥിയല്ല എന്ന് കോൺഗ്രസ്സ് വക്താവ് പറഞ്ഞു. ”സ്ഥാനാർത്ഥിത്വത്തിനായി ഞാൻ കോൺഗ്രസിനെ സമീപിച്ചിട്ടില്ല. എന്നെ സ്ഥാനാർത്ഥിയാക്കാമെന്ന് വാഗ്ദാനം കോൺഗ്രസ്സ് നൽകിയിട്ടുമില്ല. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി കോൺഗ്രസിൽ നിന്ന് പലവട്ടം വാഗ്ദാനങ്ങൾ ലഭിച്ചിരുന്നുവെന്നും അവർ പറയുന്നു. ആദ്യത്തേത് 1984 ൽ രാജീവ് ഗാന്ധിയിൽ നിന്നായിരുന്നു്.”- ഇങ്ങനെയായിരുന്നു അത് സംബന്ധിച്ച് അവർ പ്രതികരിച്ചത്.
അഹമ്മാദാബാദിൽ അദ്വാനിക്കെതിരായ ഈ സ്ഥാനാർത്ഥിത്വം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ സത്യാഗ്രഹമായി മല്ലിക വിശേഷിപ്പിച്ചു. ഒരുപാട് കലാകാരന്മാർ അവർക്കുവേണ്ടി പ്രചാരണത്തിനും ഇറങ്ങി. എന്നാൽ അദ്വാനിക്കെതിരെ മല്ലികക്ക് കനത്ത് തോൽവി നേരിടേണ്ടി വന്നു. കെട്ടിവെച്ച പണവും അവർക്ക് നഷ്ടപ്പെട്ടു. പ്രായോഗിക രാഷ്ട്രീയത്തിന്റെ അരങ്ങിൽ തോറ്റുപോയെങ്കിലും അവർ ആക്റ്റീവിസം നിർത്തിയില്ല. ജയിക്കാൻ വേണ്ടിയല്ല, വർഗീയത തുറന്നുകാട്ടാൻ വേണ്ടിയാണ് തന്റെ പോരാട്ടം എന്നാണ് അവർ പറയുന്നത്. അത് താൻ അവസാന ശ്വാസം വരെ തുടരുമെന്നും മല്ലിക പറയുന്നു.
ഇന്ത്യൻ നൃത്തകലയുടെ കുലപതിയായ മൃണാളിനി സാരാഭായ്, 2016 ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ ഉസ്മാൻപുരയിലെ സ്വവസതിയായ ചിദംബരത്തായിരുന്നു അന്തരിച്ചത്. അന്ന് അമ്മയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് മകൾ മല്ലികയുടെ മൃതദേഹത്തിന് മുന്നിലെ നൃത്തം, രാജാ്യന്തര തലത്തിൽ പോലും വാർത്തയായി. തന്നോടുള്ള വൈരാഗ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, മൃണാളിനി സാരാഭായുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താത്തതിനെതിരെ മല്ലികാ രംഗത്തുവന്നു.
ഫേസ്‌ബുക്ക് പേജിലൂടെയാണ് മല്ലിക സാരാഭായ് പ്രതിഷേധം വ്യക്തമാക്കിയത്. . ആ വൈറൽ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു. ”പ്രിയപ്പെട്ട പ്രധാനമന്ത്രി, എന്റെ രാഷ്ട്രീയത്തെ നിങ്ങളും നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നുണ്ട്. എന്നാൽ ഇതിന് കഴിഞ്ഞ അറുപതു വർഷങ്ങളായി മൃണാളിനി സാരാഭായി ഈ രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രചരിപ്പിക്കാൻ ചെയ്തതുമായി ബന്ധമൊന്നുമില്ല. മൃണാളിനി സാരാഭായ് നമ്മുടെ സംസ്‌കാരത്തെ ലോകം മുഴുവൻ പ്രചരിപ്പിച്ചയാളാണ്. അവരുടെ മരണത്തെ തുടർന്ന് ഒരു വാചകം പോലും അനുശോചിക്കാത്തത് നിങ്ങളുടെ മാനസികാവസ്ഥയെ കാണിക്കുന്നു. നിങ്ങൾ എന്നെ വെറുത്താലും രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ അവരുടെ സംഭാവനയെ അംഗീകരിക്കേണ്ടതായിരുന്നു. എന്നാൽ നിങ്ങളത് ചെയ്തില്ല. നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു.”- ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.
ഇതോടെ വിവാദം ദേശീയ തലത്തിലും കൊഴുത്തു. പ്രധാനമന്ത്രി മോദി, തന്റെ അനുശോചന സന്ദേശം മൃണാളിനയുടെ മകൻ കാർത്തികേയ സാരാഭായ്ക്ക് എത്തിച്ചുകൊടുത്തിരുന്നുവെന്നാണ് ബിജെപിക്കാർ തിരിച്ചടിച്ചത്. പക്ഷേ മല്ലിക അതറിഞ്ഞില്ല. അതവരുടെ വീട്ടുകാര്യമെന്നും പരിവാറുകാർ ആക്ഷേപിച്ചു. പക്ഷേ ഇത്രയും വലിയ ഒരു കലാകാരി മരിക്കുമ്പോൾ പ്രധാനമന്ത്രി പരസ്യമായി തന്നെ അനുശോചനം അറിയക്കണമായിരുന്നവെന്ന് നിക്ഷ്പക്ഷരായ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഗാന്ധിനഗറിലെ പെതാപൂർ എന്ന സ്ഥലത്താണ് മൃളാനിയുടെ അന്ത്യകർമ്മങ്ങൾ നടന്നു. മല്ലിക സാരാഭായിയും സഹോദരൻ കാർത്തികേയനും ആണു ചിതയ്ക്കു തീ കൊളുത്തിയത്. സാധാരണ പെൺമക്കൾ ചിതക്ക് തീ കൊളുത്താറില്ല. പക്ഷേ ഇവിടെ അമ്മയുടെ മരണത്തിലും മല്ലിക ആചാരലംഘനത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി നിലകൊണ്ടു.
പക്ഷേ തന്റെ നിലപാടിൽ അണുവിട മാറ്റിമില്ലെന്നാണ് മല്ലികാ സാരാഭായ് ആവർത്തിച്ച് പറയുന്നത്. മോദി സർക്കാറിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരെ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് ഓരോ കലാകാരിയുടെയും കടമയാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. ഇനി കുറച്ചുകാലം അവരുടെ തട്ടകം ജന്മനാടായ കേരളം കൂടിയാവുന്നു. ഇവിടെ എന്തെല്ലാം വിവാദങ്ങളാണ് ഈ നൃത്ത പ്രതിഭയെ കാത്തിരിക്കുന്നത് എന്ന് കണ്ട് അറിയണം.