‘ചിരിയാണല്ലോ മനുഷ്യനുള്ളൊരു സമാധാനം’വൈറലായി കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം; കണ്ട് ചങ്ക് തകര്‍ന്നെന്ന് സഹോദരന്‍
കൊച്ചി: ലോകത്ത് നിന്ന് വിടപറഞ്ഞ് നാളുകളേറെക്കഴിഞ്ഞെങ്കിലും നടന്‍ കലാഭവന്‍ മണി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നാടന്‍ പാട്ടും ചാലക്കുടി വിശേഷങ്ങളുമായാണ് മണി എപ്പോഴും മലയാളികള്‍ക്ക് മുന്‍പില്‍ എത്തിയിരുന്നത്. അകാലത്തില്‍ വിട പറഞ്ഞ മണിയുടെ ഓര്‍മകള്‍ മലയാളികളെ എപ്പോഴും കണ്ണ് നനയിക്കും. 1992ല്‍ എടുത്ത അഭിമുഖമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടനത്തിന് ഇടയില്‍ എടുത്ത അഭിമുഖം മണിയുടെ ആദ്യമെടുത്ത അഭിമുഖമാണെന്നാണ് വിവരം.
അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മണിയുടെ അഭിമുഖം പങ്കുവച്ചത്. ‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറില്‍ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ സ്വദേശിയായ ഡിക്സണ്‍ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടന്‍ കലാഭവനില്‍ കയറി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഖത്തറില്‍ പരിപാടിക്ക് പോയപ്പോള്‍ ചെയ്ത ഒരു ഇന്റര്‍വ്യൂ. നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും. നന്ദി ഡിക്സണ്‍’ എന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
മണിയുടെ വാക്കുകള്‍: കലാഭവനിലെ താരമെന്നതില്‍ അഭിമാനമുണ്ട്. വലിയ രീതിയില്‍ ഉയരാന്‍ കഴിഞ്ഞു. മിമിക്രി ആളുകള്‍ കരുതുന്നത് പോലെ എളുപ്പമല്ല. ബുദ്ധിമുട്ടാണ്. ആളുകളെ ചിരിപ്പിക്കുന്നത് വലിയ കാര്യമാണ്. ചിരിയാണല്ലോ മനുഷ്യനുള്ളൊരു സമാധാനം. സമൂഹത്തില്‍ മിമിക്രിക്ക് സ്വാധീനമുണ്ട്. കലാഭവനില്‍ നിന്ന് നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്യണം.
എവിഎം ഉണ്ണി ചെയ്ത അഭിമുഖമാണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ണി നേരത്തെയും നിരവധി പ്രമുഖരുടെ അഭിമുഖം നടത്തിയിട്ടുണ്ട്. മലപ്പുറം പന്താവൂര്‍ സ്വദേശിയാണ് മുഹമ്മദ് ഉണ്ണി എന്നറിയപ്പെടുന്ന എവിഎം ഉണ്ണി.