‘നമ്പൂതിരിയെന്ന വാല് വേണ്ട, ഒരു മതത്തിന്റെയും ജാതിയുടേയും ആളല്ല; പുരസ്‌കാര വേദിയില്‍ പൊട്ടിത്തെറിച്ച് കൈതപ്രം
തൃശ്ശൂര്‍: താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ‘നമ്പൂതിരി’ എന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ച ആളാണ് ഞാന്‍. എനിക്ക് കൈതപ്രം എന്ന പേരു മതി. ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ടെന്നും അദ്ദേഹം ലളിതകലാ അക്കാദമി പുരസ്‌കാര വേദിയില്‍ പറഞ്ഞു. അക്കാദമി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയമായിരുന്നു വിവാദമായത്. ഈ കാര്‍ട്ടൂണിനെ വിമര്‍ശിച്ചുകൊണ്ടാണ് കൈതപ്രം സംസാരിച്ചത്.
‘കലയിലൂടെ മറ്റുള്ളവരെ എന്തിന് വേദനിപ്പിക്കണം’ എന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. ഇതിനോട് പ്രതികരിച്ചുകൊണ്ട് സംസാരിച്ച കഥാകൃത്ത് അശോകന്‍ ചരുവില്‍ ‘മതത്തിന്റെ പക്ഷത്ത് നിര്‍ക്കുന്ന ആളായതുകൊണ്ടാകും കൈതപ്രത്തിന് ഈ നിലപാട്’ എന്ന് പറഞ്ഞിരുന്നു. ഇതാണ് കൈതപ്രത്തെ പ്രകോപിപ്പിച്ചത്.