KeralaNews

തിരുത തോമയെന്ന് വിളിച്ചപമാനിച്ചു,മോദിയോടും ബന്ധം;2018ന് ശേഷം രാഹുലിനെ കണ്ടിട്ടില്ല;

കൊച്ചി:കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ഉൾപ്പെടെ രൂക്ഷവിമർശനവുമായി കെ.വി.തോമസ്. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.വി.തോമസിന്റെ വിമർശനം. 2018നു ശേഷം രാഹുൽ ഗാന്ധിയെ നേരിട്ടു കാണാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്കൊരു ദുഖമുണ്ട്, പാർട്ടിയിലെ ഒരു മുതിർന്ന നേതാവായ എന്നോടൊന്നു വിളിച്ചു സംസാരിക്കാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല. ഇപ്രാവശ്യവും ഡൽഹിയിൽ പോയപ്പോൾ കെസിയോടു പറഞ്ഞു, ഒന്നു കാണണമല്ലോ എന്ന്. കാരണം സോണിയ ഗാന്ധിയാണെങ്കിൽ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. ഈ ഒരു കാലാവസ്ഥ ശരിയല്ല, ബിജെപിയുടെ രൂക്ഷമായ ജാതി വർഗീയ കാഴ്ചപ്പാടുകൾക്കെതിരായി നിൽക്കുകയാണ് വേണ്ടത്.

അതിനു പകരം ഇവിടെ താമര വളർത്തിയാൽ ഞാൻ ബിജെപിയാണെന്നു പറയും. പ്രധാനമന്ത്രിയെ കണ്ടാലും അതു തന്നെപറയുന്ന സാഹചര്യമാണുള്ളത്. 2001 മുതൽ നരേന്ദ്രമോദിയുമായി ബന്ധമുണ്ട്. അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ആയിരക്കണക്കിനു സ്ത്രീകൾ, മൽസ്യത്തൊഴിലാളികൾ ഗുജറാത്തിൽ ജോലിക്കു പോയപ്പോൾ ഫിഷറീസ് മന്ത്രി എന്ന നിലയിൽ താനാണ് ഇടപെട്ടത്. പിന്നീട് ഡൽഹിയിൽ പ്രതിപക്ഷത്തായി. അപ്പോഴെല്ലാം പ്രധാനമന്ത്രിയുമായി ഇടപെടേണ്ടി വന്നിട്ടുണ്ട്. ഞാൻ പ്രധാനമന്ത്രിയെ കണ്ടാൽ ഉടൻ ബിജെപിയാകുമോ?’ – അദ്ദേഹം ചോദിച്ചു.

‘ഞാൻ ജന്മംകൊണ്ടു കോൺഗ്രസുകാരനാണ്. എന്നെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ചു. കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനെയും ഇത്ര അപമാനിച്ചിട്ടുണ്ടാവില്ല. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച എന്നെ വിളിച്ചത് ‘തിരുതത്തോമ’ എന്നാണ്. മത്സ്യതൊഴിലാളി കുടുംബത്തിൽ ജനിച്ചത് എന്റെ തെറ്റാണോ? ഞങ്ങൾ പങ്കുവയ്ക്കുന്ന ഒരു സമൂഹമാണ്. ഡൽഹിയിൽ ഉള്ള പത്രപ്രവർത്തകർക്കറിയാം, അവിടെ ഒരു അടുക്കളത്തോട്ടമുണ്ട്. അവിടെ ഉള്ള എല്ലാ സാധനങ്ങളും പങ്കുവയ്ക്കും.

ഇൗ പാർട്ടിയിൽനിന്നു 10 പൈസ ഉണ്ടാക്കിയിട്ടില്ല. എന്റെ മക്കളാരും രാഷ്ട്രീയത്തിലില്ല. നാല് സിബിഐ അന്വേഷണം നടന്നു. ഒരു അന്വേഷണത്തിലും പത്തു പൈസ അനധികൃതമായി ഉണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. പറയാനുള്ളത് കോൺഗ്രസ് രക്ഷപെടണം എന്നാണ്. ദേശീയമായ ഉയർച്ച ഉണ്ടാകണം. അതിന് ഇന്നു കാണും വിധം പരസ്പരം ആക്ഷേപിച്ചും ആരോപണങ്ങൾ ഉന്നയിച്ചും അപമാനിച്ചും ഗ്രൂപ്പിൽ രാഷ്ട്രീയത്തിൽ വിശ്വസിച്ചും പ്രവർത്തിച്ചാൽ മതിയാകില്ല.’ – കെ.വി. തോമസ് പറഞ്ഞു.

സെമിനാറിൽ പങ്കെടുക്കണമെന്നു മാർച്ചിൽ യച്ചൂരി ആവശ്യപ്പെട്ടതാണ്. സെമിനാറിൽ പങ്കെടുത്തു പറയാനുള്ളതു പറയും. നോട്ട് തയാറാക്കി. എല്ലാ തീരുമാനവും അവസാന നിമിഷമാണ് എടുക്കുന്നത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ്. സോണിയയോട് അനുമതി ചോദിച്ചു. പിന്നീട് തനിക്കെതിരെ ഭീഷണികളുണ്ടായി. പുറത്താക്കുമെന്ന ഭീഷണിയോടെയാണു നേതാക്കൾ സംസാരിച്ചത്. താൻ പുറത്തു പോകുകയല്ല, അകത്താണ്. എഐസിസി അംഗമായ തന്നെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വത്തിനേ അധികാരമുള്ളു. അതെങ്കിലും മനസ്സിലാക്കണമെന്നും കെ.വി.തോമസ് വ്യക്തമാക്കി.

‘ഡൽഹിയിൽ പോയപ്പോഴാണ് യച്ചൂരിയുമായി ഈ വിഷയം സംസാരിക്കുന്നത്. അന്ന് അദ്ദേഹം പറഞ്ഞത് രണ്ടു വിഷയങ്ങൾ കേന്ദ്ര സമ്മേളനത്തിൽ സെമിനാറുകളിലൂടെ ചർച്ച ചെയ്യപ്പെടുമെന്നാണ്. ഒന്ന് കേന്ദ്ര–സംസ്ഥാന ബന്ധം, സെക്കുലറിസം നേരിടുന്ന വെല്ലുവിളികൾ. ഇതിൽ മാഷിനെയും ശശി തരൂരിനെയുമാണ് പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞു. സ്റ്റാൻലിൻ ഉൾപ്പടെയുള്ളവർ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. ഇത് അറിയിച്ചതിനെ തുടർന്നു കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെയും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി താരിഖ് അൻവറിനെയും ഇക്കാര്യം അറിയിച്ചു. ഇതിന്റെ പ്രാധാന്യം തന്റെ കുറിപ്പിലുണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ശേഷം റിപ്പബ്ലിക്കായതിനെ തുടർന്നു ചർച്ച ചെയ്ത രണ്ടു വിഷയങ്ങളാണ് സെക്കുലറിസവും സംസ്ഥാന കേന്ദ്ര ബന്ധവും.

ഇതിൽ സെന്റർ–സ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് ധാരാളം കമ്മിഷനുകൾ വച്ചിട്ടുണ്ട്. സഖറിയ കമ്മിഷൻ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ചർച്ചകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നെഹ്‌റു തന്നെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ ഗവർണർമാർക്കുള്ള പങ്കിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രത്യേകിച്ച് എടുത്തു പറയാൻ കാരണം ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കേന്ദ്രം ഭരിച്ചിരുന്നത് കോൺഗ്രസാണ്. അന്നു വലിയ സംഘർഷങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ കാലം മാറി, കേന്ദ്രത്തിൽ നിന്നു കോൺഗ്രസ് പോയി. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇതര സർക്കാർ വന്നു. ഈ ഒരു പശ്ചാത്തലം മുൻകൂട്ടി കണ്ട് പണ്ഡിറ്റ്‌ജി പറഞ്ഞിട്ടുണ്ട്. ഇത് വലിയൊരു പ്രശ്നമായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സെമിനാറിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നത് എന്നു പറഞ്ഞു. തരൂരും സമാനമായ നോട്ടിസ് കൊടുത്തതായി പറ‍ഞ്ഞു.

ഇതുകഴിഞ്ഞ് മാധ്യമങ്ങളിലൂടെ അറിഞ്ഞു തരൂർ കേരളത്തിലെ കണ്ണൂരിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കരുതെന്നു കേരളത്തിലെ കോൺഗ്രസ് എംപിമാർ പ്രസിഡന്റിനെ കണ്ടു പറഞ്ഞെന്ന്. ഇത് ശശി തരൂരിനോടു പറഞ്ഞെന്നും അറിഞ്ഞു. ഇതു കേന്ദ്രത്തെ അറിയിച്ചപ്പോൾ കെ.സി. വേണുഗോപാലിനോടു സംസാരിച്ചപ്പോൾ പറഞ്ഞത് മാഷ് ഇതു തന്നെ പിന്തുടരണം എന്നാണ് പറഞ്ഞത്.

രാജ്യം 2024ൽ ഒരു തിരഞ്ഞെടുപ്പിലേയ്ക്കു പോകുമ്പോൾ സ്റ്റേറ്റുകളിൽ അടുത്ത് ഉണ്ടായിട്ടുള്ള ഫലങ്ങൾ കോൺഗ്രസിന് അനുകൂലമല്ല. കേരളം മാറ്റി നിർത്തിയാൽ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സിപിഎം ഉൾപ്പടെ ഇടതു സംഘടനകളുമായി ഒരുമിച്ചു നിർത്തിയാണ് മുന്നോട്ടു പോകുന്നത്. ശരദ് പവാറിനെ കണ്ടിരുന്നു. ഇവരെല്ലാം പറഞ്ഞത് 2024 പ്രധാനപ്പെട്ടതാണ്, അതു കൂടി നഷ്ടപ്പെട്ടാൽ ദേശീയ സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടുന്ന കാലഘട്ടമുണ്ടാകും, ബിജെപി വർഗീയത വളർന്നു വരുമെന്നാണ്.

1984ൽ പാർലമെന്റിൽ ചെല്ലുമ്പോൾ പ്ലാനിങ് കമ്മിഷൻ ഉണ്ടായാരുന്നു. മൻമോഹൻ സിങ്ങിനെയും പ്രണബ് മുഖർജിയെയും പോലെയുള്ളവർ. അവർക്കു രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും സ്വതന്ത്രരായാണ് പ്രവർത്തിച്ചിരുന്നവരായിരുന്നത്. അവിടെ സ്റ്റേറ്റിന്റെ പ്രശ്നങ്ങൾ പറയാമായിരുന്നു. ഇന്ന് അതില്ല, നീതി ആയോഗാണുള്ളത്. ഇതു ഫൈനാൻസ് മിനിസ്റ്ററുടെ ഭാഗമാണ്. അതുകൊണ്ടു നീതി ലഭിച്ചു കൊള്ളണമെന്നില്ല. നേരത്തേ റെയിൽവേ ബജറ്റ് പ്രത്യേകമായിരുന്നു അവതരിപ്പിച്ചിരുന്നത്. ഹൈസ്പീഡ് റെയിൽവേ എന്ന സങ്കൽപം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. ഇന്ന് അത് ജനറൽ ബജറ്റിനൊപ്പമാണ്.

പിന്നീടാണ് താൻ കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ചുള്ള സെമിനാറിലാണ് പങ്കെടുക്കേണ്ടത് എന്ന്. അതിൽ സ്റ്റാൻലിൻ പങ്കെടുക്കുന്നുണ്ടെന്നും. സ്റ്റാലിൻ കോൺഗ്രസിനൊപ്പം നിൽക്കുന്ന കരുത്തനായ സാരഥിയാണ്. കേരളത്തിനു പുറത്ത് രാഹുൽ ഉൾപ്പടെ സിപിഎം പങ്കെടുത്ത യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോയമ്പത്തൂരിൽ സിപിഎം പ്രചാരണത്തിന് രാഹുൽഗാന്ധിയുണ്ടായിരുന്നു. കേരള ചരിത്രത്തിൽ തന്നെ പല സെമിനാറുകളിലും കോൺഗ്രസുകാർ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ താൻ ചോദിച്ചു എന്താണ് പ്രശ്നമെന്ന്.

ഇതു പറഞ്ഞതു കൊണ്ട് തന്നെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നു ഭീഷണി മുഴക്കിയാണ് സംസാരിച്ചത്. ഈ പാർട്ടിയിൽ നൂലിൽ കെട്ടി വന്നയാളല്ല താൻ. ജന്മംകൊണ്ടു വന്നയാളാണ്. വാർഡ് പ്രസിഡന്റായി, ഡിസിസി ജനറൽ സെക്രട്ടറിയായി, ഡിസിസി പ്രസിഡന്റായി, കെപിസിസി ട്രഷററായി വന്നയാളാണ്. പാർട്ടിക്കൊപ്പം അച്ചടക്കത്തോടെ നിന്ന ആളാണ്. വിഷമം ഉണ്ടാക്കിയ തീരുമാനം എടുത്തപ്പോഴും പാർട്ടിക്കൊപ്പം നിന്നു. താനെന്തു സംഭാവന ചെയ്തെന്നാണ് ഇപ്പോൾ ചോദിച്ചാൽ 1986ലാണ് ഡിസിസി പ്രസിഡന്റായത്. അന്ന് എറണാകുളം ജില്ലയിൽ ഉള്ള 14 സീറ്റിൽ കോൺഗ്രസ് അടക്കം യുഡിഎഫിനുള്ളത് നാലു സീറ്റാണ്. അവിടെ നിന്ന് 2001ൽ ഒഴിയുമ്പോൾ 14ൽ 13 സീറ്റു കിട്ടി. വരുമ്പോൾ ഡിസിസി ഓഫിസ് നഷ്ടപ്പെട്ടിരുന്ന.ു അത് ഏറ്റെടുക്കാൻ സുപ്രീം കോടതിയിൽ പോയി. വീണ്ടും അത് ഏറ്റെടുക്കാൻ പോയപ്പോൾ പൊലീസ് ലാത്തിച്ചാർജിൽപെട്ടയാളാണ്.

ഏൽപിച്ച സകല കാര്യങ്ങളും ചെയ്തിട്ടുണ്ട്. സർക്കാരിൽ വന്നപ്പോൾ അതുവരെ ആർക്കും താൽപര്യമില്ലാതിരുന്ന ഫിഷറീസും ടൂറിസവും ഇന്നു വളരെ താൽപര്യമുള്ളതാക്കിയിട്ടുണ്ട്. വീണ്ടും പാർലമെന്റിൽ അയച്ചപ്പോൾ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ ഏൽപിച്ചത് തന്നെയായിരുന്നു. മന്ത്രിസഭയിൽ പോലും തർക്കമുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് 16 മണിക്കൂർ നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. വൃന്ദ കാരാട്ടും ആനി രാജയുമൊക്കെയുമായാണ് വിളിച്ചു കൂട്ടി ധാരണയിൽ എത്തിച്ചത്.

2019ൽ സീറ്റു നിഷേധിച്ചതാണ് പിന്നെയുണ്ടായ ഒരു സംഭവം. മത്സരിക്കണോ വേണ്ടയോ എന്നു ചോദിച്ചിരുന്നു. അന്നു സെൻട്രൽ ഇലക്ഷൻ കമ്മിറ്റി കൂടുന്നതിന് ഒരു മണിക്കൂർ മുൻപു കെപിസിസി പ്രസിഡന്റു തന്നോടു പറഞ്ഞത് കെ.വി. തോമസ് മത്സരിക്കുമെന്നാണ്. പിന്നീടു സീറ്റില്ലെന്നു ടിവിയിലാണ് അറിയുന്നത്. പിന്നീടു രമേശ് ചെന്നിത്തല പറഞ്ഞു ഇത് ഒരു വർഷം മുൻപെടുത്ത തീരുമാനമാണ് എന്ന്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിക്കും പങ്കുണ്ട്. അടുത്ത ദിവസം സോണിയാ ഗാന്ധി വിളിപ്പിച്ചു. സംഭവിച്ചു, തോമസ് കോൺഗ്രസിന്റെ ഭാഗമാണെന്നു പറഞ്ഞു.

ഒന്നര വർഷം കാത്തിരുന്നു. പാർലമെന്റിൽ പോകാനില്ല, പാർലമെന്റ് താൽപര്യം അന്ന് അവസാനിപ്പിച്ചു. പാർട്ടിയിൽ ഒരു മാന്യമായ സ്ഥാനം, അത് അർഹതപ്പെട്ടതാണ്. അന്നു സീറ്റു നിഷേധിച്ചപ്പോൾ 42 എംപിമാരിൽ 41 പേർക്കും നൽകി.താൻ ഏഴു പ്രാവശ്യം ജയിച്ചു എന്നത് ജനകീയ അംഗീകാരമാണ്. തോൽക്കുന്നതല്ല അംഗീകാരം. പാർട്ടിക്ക് എതിരായി പോയിട്ടില്ല. തുടർന്ന് എറണാകുളം, അരൂർ ഉപതിരഞ്ഞെടുപ്പുകളിൽ ചുമതല ഏറ്റെടുത്തു പ്രവർത്തിച്ചു. ഒരിക്കലും ജയിച്ചിട്ടില്ലാത്ത അരൂരിൽ ജയിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പു വന്നപ്പോൾ ഏപ്രിൽ 23ന് പത്ര സമ്മേളനം വിളിച്ചിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ നോട്ടുണ്ടാക്കി പത്രക്കാരെ അറിയിക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് സോണിയാഗാന്ധി വിളിപ്പിച്ചത്. അന്നും ഇന്നും ആരോടും സീറ്റു ചോദിച്ചിട്ടില്ല. അതിനു ശേഷം വർക്കിങ് പ്രസിഡന്റാക്കി. അതിനു ശേഷം നാലു മാസം കഴി‍ഞ്ഞു പുറത്താക്കിയത് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. അന്ന് ഒപ്പം വർക്കിങ് പ്രസിഡന്റാക്കിയ കൊടിക്കുന്നിൽ സുരേഷ് ഇപ്പോഴും തുടരുന്നു.

അതുകഴിഞ്ഞു സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം ചെറിയതല്ല. കോൺഗ്രസിന്റെ നേതാക്കളാണ് ഇതിനു നേതൃത്വം നൽകുന്നത്. കേരളത്തിൽ ഗ്രൂപ്പു മാത്രമേ ഉള്ളൂ. 50 ലക്ഷം അംഗങ്ങൾ വരും എന്നു പറഞ്ഞു നടത്തിയ ക്യാംപയ്ൻ എവിടെ എത്തി എന്ന് അന്വേഷിക്കട്ടെ. ഇപ്പോൾ ഉണ്ടായ സംഭവത്തിൽ തന്നോടു സംസാരിക്കുന്നതിനു പകരം കണ്ണൂരിൽ പോയാൽ പാർട്ടിയിൽ നിന്നു പുറത്താണെന്ന പ്രഖ്യാപനം. കണ്ണിനു മുന്നിലാണോ തന്നെപ്പോലെ ഒരാളെ നിർത്തേണ്ടത്.

ഇതൊരു ദേശീയ പ്രശ്നമാണ്. ബിജെപിയെ എതിർക്കുന്നവർ, കമ്യൂണലിസത്തെ എതിർക്കുന്നവർ ഒരുമിച്ചു നിൽക്കണം. കോൺഗ്രസിനു പരിമിതികളുണ്ട്. എല്ലാവരെയും കൂട്ടിയാൽ മാത്രമേ കോൺഗ്രസിനു രാജ്യത്തെ നയിക്കാനാകൂ. കേരളത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടു തട്ടിലാണ്. അത് കേരളത്തിലെ പ്രശ്നങ്ങളാണ്. അതു കേരളത്തിൽ ഒതുക്കി വിടണം. കണ്ണൂരിൽ നടക്കുന്നത് ദേശീയ സമ്മേളനമാണ്. സമ്മേളനത്തിലല്ല, സെമിനാറിനാണ് പോകുന്നത്’ – കെ.വി.തോമസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button