കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായേക്കും; ധാരണയായതായി സൂചന
തിരുവനന്തപുരം: പി.എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതോടെ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന. ബിജെപി വൃത്തങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. സുരേന്ദ്രന് വേണ്ടി നീക്കങ്ങള്‍ ശക്തമാണെന്നാണ് വിവരം. സംസ്ഥാന ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, ആര്‍എസ്എസ് സഹ ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
കൊച്ചി ആര്‍എസ്എസ് കാര്യാലയത്തില്‍വച്ചാണ് അടുത്ത സംസ്ഥാന അധ്യക്ഷന്‍ ആരാകുമെന്നതടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടന്നതെന്നാണ് വിവരം. ഒക്ടോബര്‍ ആദ്യവാരമാണ് ചര്‍ച്ച നടന്നത്. പി എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, എന്‍ ഗണേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ നേതാക്കള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന.
കെ സുരേന്ദ്രനും എം ടി രമേശുമാണ് പരിഗണനാപ്പട്ടികയില്‍ മുന്നിലുള്ളതെന്ന് വിവരമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയാണ് പുതിയ അധ്യക്ഷനാകാന്‍ കെ സുരേന്ദ്രനുള്ള അനുകൂല ഘടകം. കുമ്മനം രാജശേഖരന്‍ മാറിയപ്പോഴും സുരേന്ദ്രന്റെ പേരാണ് പരിഗണിച്ചിരുന്നതെങ്കിലും ഗ്രൂപ്പുപോരില്‍ ശ്രീധരന്‍പിള്ളക്ക് നറുക്ക് വീഴുകയായിരുന്നു.