തലപൊട്ടി ചോരയൊലിക്കുമ്പോള്‍ മീഡയയ്ക്ക് ബൈറ്റ് കൊടുക്കുന്ന സ്‌ക്രിപ്റ്റ് അപാരമെന്ന് ശോഭ സുരേന്ദ്രന്‍; ആക്രമണം അഴിച്ചുവിട്ടത് ഇടതു ജിഹാദികളെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: ജെ.എന്‍.യുവിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍ വിവാദമാകുന്നു. തലപൊട്ടി ചോരയൊലിക്കുമ്പോള്‍ മീഡിയാ ബൈറ്റ് കൊടുക്കുന്ന സ്‌ക്രിപ്റ്റ് അപാരമെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചപ്പോള്‍ ഇടതു ആക്രമണങ്ങളെ കേരളത്തിലെ മാദ്ധ്യമങ്ങള്‍ വെള്ളപൂശുന്നെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.
മാരകായുധങ്ങളുമായി ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരെ ഇടതു ജിഹാദി തെമ്മാടികള്‍ ആക്രമിക്കുന്നു എന്ന തലവാചകത്തിലാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ”ജെ.എന്‍.യുവില്‍ കോണ്‍ഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.ദേശീയമാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ മലയാള മാധ്യമങ്ങള്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്.ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങള്‍ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ്സ് സംഘമാണ്.” സുരേന്ദ്രന്റെ പോസ്റ്റ്.
തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്നും ആക്രമണത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി അപാരമാണെന്നും ആയിരുന്നു ഇന്നലെ ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചത്. അതിനിടയില്‍ ആക്രമണത്തെ അപലപിച്ചും അനേകര്‍ രംഗത്ത് വന്നിട്ടുണ്ട്. ജെ.എന്‍.യുവിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നത്ര ജനങ്ങള്‍ ക്യാമ്പസിന്റെ സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് നടിയും ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്വര ഭാസ്‌കര്‍ രംഗത്തു വന്നിരുന്നു. എത്രയും പെട്ടന്ന് ക്യാമ്പസ് ഗേറ്റിന് സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് സ്വര ട്വീറ്റ് ചെയ്തു.
ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനയ്ക്കെതിരെ ക്യാംപസില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ട് മുഖം മൂടി ധരിച്ചും കുറുവടിയും ചുറ്റികയുമായി എത്തിയ അന്‍പതോളം പേര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമകാരികള്‍ എ.ബി.വി.പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അക്രമം നടക്കുന്ന സമയത്ത് പൊലീസ് ഗേറ്റിനു പുറത്ത് ഉണ്ടായിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി.