KeralaNews

‘ചിലര്‍ക്ക് എല്ലാം ഞാന്‍ ആണെന്ന തോന്നല്‍! ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവര്‍ അല്ല’; ഒളിയമ്പുമായി കെ സുധാകരന്‍

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പാനല്‍ വിജയിച്ചതിന് പിന്നാലെ, മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം. ‘കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കണം. ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല. ഇവിടെ ആര്‍ക്കും മാറി നില്‍ക്കാനാകില്ല’ സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കി.

‘ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും! കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി. കെ സുധാകരന്‍ കുറിച്ചു.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി സഹകരിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് സുധാകരന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ യുഡിഎഫ് വിജയിച്ചത്. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചിരുന്നു.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ വിജയം കോണ്‍ഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവര്‍ത്തകരുടെ വിജയം, കോണ്‍ഗ്രസിന്റെ വിജയം! ആരും പ്രസ്ഥാനത്തിന് മുകളില്‍ അല്ല, ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവരും അല്ല. കോണ്‍ഗ്രസ് വികാരം നഷ്ടപ്പെട്ടാല്‍ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരിലുള്ളആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ നേടിയ ഉജ്ജ്വല വിജയം.

”ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.”ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും! കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.

ഒന്ന് നിങ്ങള്‍ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ…ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല…ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവര്‍ണ്ണ പതാക ചോട്ടില്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍… അവര്‍ക്ക് വ്യക്തികളല്ല വലുത്, കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് മാത്രം! ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാവില്ല, മുന്നോട്ട്…ജയ് കോണ്‍ഗ്രസ്!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button