കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് എല്‍ഡിഎഫിനു വോട്ടുമറിച്ചെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നും എന്‍എസ്എസിനെ എതിര്‍ക്കാന്‍ സിപിഎം ആര്‍എസ്എസിനെ കൂട്ടുപിടിച്ചെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മുരളീധരന്‍ എംപിയായ ഒഴിവിലാണു വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് നടന്നത്. വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇപ്പോള്‍ അതു പുറത്തുവിടുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടാണ് അതു ചെയ്തത്. എന്‍എസ്എസിനെ എതിര്‍ക്കാന്‍ ആര്‍എസ്എസിനെ കൂട്ടുപിടിക്കുകയാണ് സിപിഎം ചെയ്തത്. ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്കു മറിച്ചിട്ടുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
പ്രളയകാലത്ത് റസിഡന്‍സ് അസോസിയേഷനുകള്‍ ശേഖരിച്ചു നല്‍കിയ സാധനങ്ങള്‍ കൊടി വീശി കയറ്റിയയക്കുകയല്ലാതെ പ്രശാന്ത് ഒന്നും ചെയ്തില്ല. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രശാന്തിനെ മേയര്‍ ബ്രോ ആയി അവതരിപ്പിക്കുകയായിരുന്നു. എംഎല്‍എമാരെ രാജിവയ്പിച്ച് എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കണ്ണിലെ കൃഷ്ണമണി പോലെ എട്ട് വര്‍ഷം പരിപാലിച്ച തന്റെ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ആ മണ്ഡലമാണു യുഡിഎഫിനു നഷ്ടമായത്. അതില്‍ ഏറ്റവും ദുഃഖിതന്‍ താനാണെന്നും മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സിപിഎമ്മിലെ വി.കെ. പ്രശാന്ത് കോണ്‍ഗ്രസിലെ കെ. മോഹന്‍കുമാറിനെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം നോര്‍ത്ത് നിയമസഭാ മണ്ഡലം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലമായി മാറിയതിനു ശേഷം ആദ്യമായാണ് ഇടതു മുന്നണി ഇവിടെ വിജയം സ്വന്തമാക്കിയത്.