മുരളീധരനെ തള്ളി; വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: കെ.മുരളീധരന്റെ എതിര്‍പ്പ് മറികടന്ന് തര്‍ക്കത്തിനൊടുവില്‍ കെ.മോഹന്‍കുമാറിനെ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹം മുന്‍ എംഎല്‍എ കൂടിയാണ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അദ്ദേഹം മനുഷ്യാവകാശ കമ്മീഷന്‍ അംഗം സ്ഥാനം രാജിവയ്ക്കും. വെള്ളിയാഴ്ച രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. മുന്‍ എംപി കെ.പീതാംബരക്കുറുപ്പിനെ മത്സര രംഗത്തിറക്കണമെന്ന മുരളീധരന്റെ ആവശ്യം മറികടന്നാണ് മോഹന്‍കുമാറിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുന്നത്.
പ്രദേശിക നേതൃത്വത്തിലെ ഒരു വിഭാഗം പീതാംബരക്കുറുപ്പിനെതിരേ ശക്തമായി രംഗത്തുവന്നതോടെ കെപിസിസി സമ്മര്‍ദ്ദത്തിലാവുകയായിരിന്നു. ഒടുവില്‍ മുരളീധരനെ അനുനയിപ്പിച്ച് മോഹന്‍കുമാറിന് സീറ്റ് നല്‍കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ കെപിസിസി നേതൃത്വം മോഹന്‍കുമാറിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി വി.കെ.പ്രശാന്ത് പ്രചരണം തുടങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ന്നത്. ബിജെപിക്കായി ആര് എത്തുമെന്ന് കൂടി വ്യക്തമായാല്‍ വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.