തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തെ 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങിയെന്ന് വാര്‍ത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ജില്ലകളിലെ കേന്ദ്രങ്ങള്‍ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം.
2012 ലാണ് സര്‍ക്കാര്‍ പത്തനംതിട്ട ഒഴികയുള്ള ജില്ലകളില്‍ നിര്‍ഭയ ഹോമുകള്‍ സ്ഥാപിച്ചത്. 13 ജില്ലകളിലും നിര്‍ഭയ ഹോമുകള്‍ ഉള്ളതിനാല്‍ പോക്‌സോ കേസുകളിലെ ഇരകള്‍ക്ക് തങ്ങളുടെ ജില്ലകളില്‍ തന്നെ താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നു.
എന്നാല്‍ ഇനി മുതല്‍ 10നും 18വയസിനും ഇടയില്‍ പ്രായമുള്ള അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിന്റെ തീരുമാനം.