KeralaNews

‘ഒരു പുരുഷ സ്ഥാനാര്‍ത്ഥിയോട് ചെന്ന് കുക്കിങ്ങ് ഇഷ്ടമാണോ എന്ന് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’; ഭക്ഷണമുണ്ടാക്കുമോ എന്ന് ചോദിച്ചപ്പോള്‍ ദേഷ്യം വന്നുവെന്ന് കെ.കെ ഷൈലജ

മട്ടന്നൂര്‍: ഈയടുത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ പാചകം ചെയ്യുമോ എന്ന ചോദ്യം തനിക്ക് നേരെ ഉയര്‍ന്നപ്പോള്‍ ദേഷ്യം വന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തിലാണ് കെ.കെ ഷൈലജ അനുഭവം തുറന്നു പറഞ്ഞത്.

‘കഴിഞ്ഞ ദിവസം ഒരു മീഡിയ വന്ന് എന്നോട് ചോദിച്ചു. എങ്ങനെയാണ് കുക്കിങ്ങ് ഒക്കെ, നന്നായി കുക്ക് ചെയ്യാന്‍ അറിയാമോ എന്ന്. എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു ഒരു പുരുഷ സ്ഥാനാര്‍ത്ഥിയോട് ചെന്നിട്ട് കുക്കിങ്ങ് എങ്ങനെ, കുക്ക് ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഭക്ഷണം കഴിക്കണമെങ്കില്‍ ആരെങ്കിലും കുക്ക് ചെയ്യണം. സ്ത്രീകള്‍ മാത്രമേ കുക്കിങ്ങില്‍ സമര്‍ത്ഥരാവാവൂ എന്ന ആ ഒരു പാട്രിയാര്‍ക്കല്‍ ശേഷിപ്പ് അറിയാതെ ഈ സമൂഹത്തിന്റെ മനസ്സിലുണ്ട്. അതുപോലെ തന്നെയാണ് സ്ത്രീയും പുരുഷനും അടുത്ത് വന്നാല്‍ ആപത്തല്ലേ എന്ന് കരുതുന്നതും,’ കെകെ ഷൈലജ പറഞ്ഞു.

മുന്നണിയില്‍ സ്ത്രീവിരുദ്ധര്‍ ഉണ്ടെന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ലെന്നും പക്ഷേ എല്ലാവരുടെയും ഉള്ളില്‍ ഒരു പാട്രിയാര്‍ക്കല്‍ മനോഭാവത്തിന്റെ ബാക്കിശേഷിപ്പുണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കെകെ ശൈലജ തുറന്നു പറയുന്നു. അതുകൊണ്ടാണ് നിയമസഭയിലൊക്കെ സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പലപ്പോഴും തനിക്ക് രോഷം കൊണ്ട് ലഹള കൂടേണ്ടതായി വന്നിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഒരു പുതുചരിത്രം കുറിക്കുമെന്ന് കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ചു വര്‍ഷം മികച്ച ഭരണം കാഴ്ച്ച വെച്ച സര്‍ക്കാര്‍ തന്നെ തുടരണം എന്നാണ് ജനങ്ങളുമായി ഇടപഴുകുമ്പോള്‍ ലഭിക്കുന്ന ചിത്രം. ചരിത്രപരമായ ഒരു കാലത്തിലേക്കാണ് നാം കടക്കുന്നത്. ഇത്രയും നല്ല രീതിയില്‍ ജനമനസറിഞ്ഞ് പ്രവര്‍ത്തിച്ച സര്‍ക്കാരിനെ അല്ലാതെ വെറെയാരെ വിജയിപ്പിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത്. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമേ ഇത്ര മികച്ച രീതിയില്‍ ജനമനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയതോടെ പുതിയ വിവാദങ്ങളിലേക്കും അഴിമതി ആരോപണങ്ങളിലേക്കും ഭരണ പ്രതിപക്ഷങ്ങൾ നീങ്ങി.കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

എല്ലാ വൈദ്യുതി കരാറും കെഎസ്ഇബിയുടെ വെബ്‌സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യ വത്കരണം ആരംഭിച്ചത് കോണ്‍ഗ്രസാണ്. അത് പൂര്‍ത്തീകരിക്കുന്ന ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. നേരത്തെ കരുതിയ ബോംബില്‍ ഒന്ന് ഇതാണെങ്കില്‍ അതും ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്ത് എത്തിയത്. അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരിന്നു.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ എനര്‍ജി ലഭിക്കും. എന്നാല്‍, 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. ഉപഭോക്താക്കള്‍ ഒരു രൂപ അധികം നല്‍കണം. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button