CrimeNationalNews

ആര്യന്റെ കസ്റ്റഡി 30 വരെ നീട്ടി; നടി അനന്യയെ വീണ്ടും ചോദ്യംചെയ്യും, ഫോണ്‍ പിടിച്ചെടുത്തു

മുംബൈ:ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയത്. കേസിൽ ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഉൾപ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്.

14 ദിവസത്തേക്കാണ് സാധാരണയായി കോടതി കസ്റ്റഡി കാലാവധി നീട്ടാറുള്ളത്. എന്നാൽ നവംബർ നാലിന് ദിപാവലി അവധിക്കായി കോടതി അടയ്ക്കുന്ന സാഹചര്യത്തിലാണ് ആര്യന്റെ കസ്റ്റഡി കാലാവധി ഒമ്പത് ദിവസത്തേക്ക് മാത്രം നീട്ടിയത്. ആര്യന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈയിലെ എൻഡിപിഎസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ആര്യന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബർ 26നാണ് ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുക.

ഇതിനിടെ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യനെ കാണാൻ വ്യാഴാഴ്ച ഷാരൂഖ് ഖാൻ ജയിലിലെത്തിയിരുന്നു. കേസിൽ അറസ്റ്റിലായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഷാരൂഖ് ജയിലിലെത്തി ആര്യനെ കണ്ടത്. 20 മിനിട്ടോളം ഇരുവരും സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്.

ജയിൽ സന്ദർശനത്തിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഷാരൂഖിന്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാരൂഖിന്റെ വീട്ടിലെ റെയ്ഡ്

പുതുമുഖ നടി അനന്യ പാണ്ഡയെയുടെ വീട്ടിലും എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. അനന്യയുടെ ഫോണും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിനുപിന്നാലെ എൻസിബി ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ട് മണിക്കൂറോളം അനന്യയെ അന്വേഷണ സംഘം ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് നോട്ടീസും നൽകിയിട്ടുണ്ട്.

ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യയുടെ വീട്ടിൽ റെയ്ഡ് നടന്നത്. അനന്യയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ ലഹരി ഇടപാട് സംബന്ധിച്ച് നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെന്നാണ് വിവരം. കേസിൽ അനന്യ നിർണ്ണായക കണ്ണിയാണെന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ ആര്യന്റെ വാട്സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker