‘ഈ മുതലാണ് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴുവിന്റെ ഉപജ്ഞാതാവ്’; ജൂഡ് ആന്റണി പറയുന്നു
കൊച്ചി:ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് അടുത്തിടെയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ സിനിമയിലെ ‘തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു’ എന്ന സണ്ണിവെയിന്‍ പാടുന്ന പാട്ട് ട്രോള്‍ പേജുകള്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ എങ്ങിനെയാണ് ആ പാട്ട് ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ് ആന്റണി. സാറാസിന്റെ ആര്‍ട്ട് ഡയറക്റ്ററായ മോഹന്‍ദാസിന്റെ മകനില്‍ നിന്നാണ് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ജൂഡ് കേള്‍ക്കുന്നത്. പിന്നീട് അത് സ്‌ക്രിപ്പ്റ്റില്‍ ചേര്‍ക്കുകയായിരുന്നു എന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.
ജൂഡിന്റെ വാക്കുകള്‍:
‘ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara’S.
സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു.
കുഞ്ഞിപ്പുഴു ഗാനം പാടി സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഉല്ലസിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം നടി അനുശ്രീ പങ്കുവെച്ചിരുന്നു കുട്ടിത്തത്തോടെ പാട്ടുപാടുന്ന അനുശ്രീയെയും വീഡിയോയില്‍ കാണാം. തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്നാണ് അനുശ്രീ പാടുന്നത്. മേയ്ക്കപ്പ് ആര്‍ടിസ്റ്റ് സഹോദരങ്ങളായ സജിത്ത്- സുജിത്ത്, മഹേഷ്, അജിന്‍ എന്നിവരാണ് അനുശ്രീക്കൊപ്പം വീഡിയോയിലുള്ളത്.വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു