പാലാ ഉപതെരഞ്ഞെടുപ്പ്: രഹസ്യയോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ്,രാഷ്ട്രീയ വഞ്ചനയെന്ന് ജോസ് കെ മാണി വിഭാഗം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിയ്ക്കുന്നതിനിടെ കോട്ടയത്ത് രഹസ്യയോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ്. കോടിമതയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ.ജോസഫിനൊപ്പം,സി.എഫ്്.തോമസ്,മോന്‍സ് ജോസഫ് അടക്കമുള്ള പ്രമുഖ നേതാക്കളും പങ്കെടുത്തു.നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ യോഗം തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവയ്ക്കാന്‍ ഏതാനും ജോസ് കെ മാണി വിഭാഗം നേതാക്കളുടെ പേരുകളടങ്ങിയ പട്ടികയും ജോസഫ് വിഭാഗം തയ്യാറാക്കി.
അതേസമയം കോട്ടയത്തെ ഹോട്ടലില്‍ നടന്ന രഹസ്യയോഗം യു.ഡി.എഫിനോടുള്ള വഞ്ചനയാണെന്ന് ജോസ് കെ മാണി വിഭാഗം ആരോപിയ്ക്കുന്നു.
കഴിഞ്ഞ ദിവസം കൂടിയ യുഡിഎഫ് യോഗത്തില്‍ ഉണ്ടായ ധാരണ അനുസരിച്ച് മുന്നണിയുടെ കെട്ടുറപ്പിനും നന്മയ്ക്കുവേണ്ടി കേരള കോണ്‍ഗ്രസിന്റെ ഇരുവിഭാഗങ്ങളും പ്രസ്താവനകള്‍ നടത്തുവാനോ യോഗം ചേരുവാനോ പാടില്ല എന്ന ധാരണ ഉണ്ടായി ആ ധാരണയുടെ പൂര്‍ണമായ ലംഘനമാണ് ജോസഫ് വിഭാഗം നടത്തിയിട്ടുള്ളത്. മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജോസഫ് വിഭാഗം നേതാവ് ഇന്ന് നടത്തിയ പരസ്യ പ്രസ്താവനയും കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ യോഗം ചേര്‍ന്നതും ഗൂഢാലോചന നടത്തിയതും യുഡിഎഫ് നോടുള്ള വിശ്വാസ വഞ്ചനയാണെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു