കോട്ടയം: പാലാ നഗരസഭയില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. ജോസ് കെ മാണി പക്ഷം പതിനാറിടത്തും സിപിഐഎം ആറിടത്തും മത്സരിക്കും. നാല് ഡിവിഷനുകള്‍ ആവശ്യപ്പെട്ടിരുന്ന സിപിഐക്ക് മൂന്നു സീറ്റുകള്‍ നല്‍കിയാണ് അനുനയിപ്പിച്ചത്. എന്‍സിപിക്ക് ഒരു സീറ്റ് നല്‍കാനും ധാരണയായി.
പതിനേഴ് ഡിവിഷനുകളെന്ന കടുംപിടുത്തം തുടര്‍ന്നിരുന്ന ജോസ് കെ മാണി വിഭാഗവും, നാല് സീറ്റില്‍ പിടിമുറുക്കിയ സിപിഐയും നിലപാട് മയപ്പെടുത്തിയതോടെയാണ് പാലായില്‍ പ്രതിസന്ധിക്ക് പരിഹാരമായത്. കഴിഞ്ഞ തവണ ഏഴിടത്ത് മത്സരിച്ച സിപിഐയെ ഇക്കുറി രണ്ടു സീറ്റില്‍ ഒതുക്കാന്‍ ആയിരുന്നു സിപിഐഎം നീക്കം.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന സിപിഐ ഭീഷണി കണക്കിലെടുത്ത് എല്‍ഡിഎഫ് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. കേരള കോണ്‍ഗ്രസിനെ 16 സീറ്റില്‍ അനുനയിപ്പിക്കാന്‍ ഇടതുമുന്നണിക്കായി. മൂന്ന് സീറ്റ് എന്ന നിര്‍ദേശത്തില്‍ സിപിഐയും വഴങ്ങി. അധികമായി ലഭിക്കുന്ന സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് സിപിഐയ്ക്ക് മുന്നില്‍ എല്‍ഡിഎഫ് നിര്‍ദേശം.
ഇന്ന് രാവിലെ നടക്കുന്ന ചര്‍ച്ചക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജില്ലാ പഞ്ചായത്തിന് പിന്നാലെ, പാലായിലും സിപിഐയുടെ പിടിവാശിക്ക് വഴങ്ങുന്നതില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്. പാലാ നിയോജക മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ എല്‍ഡിഎഫില്‍ തര്‍ക്കപരിഹാരം ഉണ്ടായിട്ടില്ല. ഇതിനിടെ ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലും തര്‍ക്കം രൂക്ഷമാണ്. പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍.