കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ. നിര്‍ണായക ചുവടുവെയ്പ്പുമായി ജോസ് കെ മാണി വിഭാഗം.പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ അഛന്റെ സീറ്റു നിലനിര്‍ത്താന്‍ അങ്കത്തട്ടിലിറങ്ങുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍.
പാലായില്‍ ജയസാധ്യതയുള്ള ആളെ മത്സരത്തിനിറക്കണമെന്ന് ഇന്ന് നടന്ന യു.ഡു.എഫ് യോഗത്തില്‍ പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന് സന്ദേശവും ജോസഫ് വിഭാഗം ജോസ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി മത്സരിയ്ക്കാനുള്ള പുതിയ ഫോര്‍മുല ഉരുത്തിരിഞ്ഞിരിയ്ക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്നും പിടിച്ചുവാങ്ങിയ രാജ്യസഭാ എം.പിസ്ഥാനം ഒഴിയേണ്ടി വരുമെന്നതാണ് മുന്നണിയെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ പാലാ സീറ്റ് നഷ്ടപ്പെട്ടാല്‍ മുന്നണിയ്ക്കുണ്ടാവുന്ന നാണക്കേടോളം അതു വരില്ലെന്നാണ് കണക്കുകൂട്ടല്‍.
പാലായില്‍ മത്സരിയ്‌ക്കേണ്ട സ്ഥാനാര്‍ത്ഥിയേക്കുറിച്ച് പാര്‍ട്ടിയില്‍ ഒരുതരത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് ജോസ് വിഭാഗത്തിന്റെ ഉന്നത നേതാക്കളിലൊരാള്‍ ബ്രേക്കിംഗ് കേരളയോട് പറഞ്ഞു. ജോസ് കെ മാണി മത്സരിയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. പാര്‍ട്ടിയുടെ അതീജീവനമാണ് ആദ്യ പരിഗണനാവിഷയം. രാജ്യസഭാ എം.പി സ്ഥാനമടക്കമുള്ള കാര്യങ്ങള്‍ രണ്ടാമത് പരിഗണിയ്‌ക്കേണ്ട കാര്യങ്ങളാണ്.
പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ എം.എല്‍.എയായി കേരളത്തില്‍ തുടര്‍ന്നാല്‍ മാത്രമെ പാര്‍ട്ടി ചെയര്‍മാന്‍ എന്ന രീതിയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ജോസ് കെ മാണിയ്ക്ക് കഴിയുകയുള്ളൂവെന്നും വിലയിരുത്തലുണ്ട്. ഭാര്യയെ മത്സരിപ്പിച്ച് ജയിച്ചാല്‍ ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിയ്‌ക്കേണ്ട്ി വരും.യു.ഡി.എഫിന് ഭരണം ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ മന്ത്രിസ്ഥാനമടക്കമുള്ള കാര്യങ്ങളും ത്രിശങ്കുവിലാകും. എന്തായാലും ജോസഫും ജോസ് കെ മാണിയുമായുള്ള ഉഭയകക്ഷി ചര്ഡച്ചയിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.