ജോസഫിനും ജോയി ഏബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകി ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ അഭയാർത്ഥിയായി എത്തിയ ജോസഫും കൂട്ടരും ഇല്ലാത്ത അധികാരം ഉപയോഗിയ്ക്കുന്നുവെന്നും ജോസ് പക്ഷം
പി.ജെ ജോസഫിന് കാരണം
കോട്ടയം:കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റിയോഗം കോട്ടയത്തെ സംസ്ഥാന കമ്മറ്റിഓഫീസില്‍ ചേര്‍ന്ന് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളില്‍ നയപരമായ തീരുമാനം എടുക്കാന്‍ പരമാധികാരമുള്ള സമിതിയായ സ്റ്റിയറിംഗ് കമ്മറ്റി ദേശീയ സംസ്ഥാന രാഷ്ട്രീയം വിശദമായി വിലയിരുത്തി.
കേരളത്തെ ബാധിച്ച മഹാപ്രളയത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണ്. കേരളത്തിലെ പ്രളയ ദുരന്തബാധിത പ്രദേശങ്ങള്‍ അടിയന്തിരമായി കേന്ദ്രസംഘം സന്ദര്‍ശച്ച് നാശനഷ്ട്ടങ്ങളുടെ കണക്കെടുത്ത് വളരെ വേഗത്തില്‍ കേന്ദ്രസഹായം പ്രഖ്യാപിക്കണം. കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ കേരളത്തോട് പക്ഷപാതപരമായാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത്. ഈ ദുരന്തത്തില്‍ സമ്പൂര്‍ണ്ണമായി തകര്‍ന്ന കാര്‍ഷിക മേഖലയെ ഉള്‍പ്പടെ സംരക്ഷിക്കാന്‍ കൂടുതല്‍ കേന്ദ്രവിഹിതം ഉടന്‍ അനുവദിക്കണം. ഇത്തവണത്തെ ദുരന്തത്തിന്റെ ഏറ്റവും വലിയ ഭീകരത പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്തവണ്ണമുള്ള വീടുകളുടെ തകര്‍ച്ചയും സ്ഥലങ്ങളുടെ ഘടനയില്‍ ഉണ്ടായ മാറ്റവുമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കുന്നതിനുള്ള പ്രതിമാസ വാടക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ദാരിദ്ര്യരേഖ മാനദണ്ഡങ്ങള്‍ ബാധകമാകരുത്. സമാനതകളില്ലാത്ത കാര്‍ഷിക ദുരന്തമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ആവര്‍ത്തിക്കപ്പെട്ട പ്രളയത്തിലൂടെ എല്ലാം നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ബി.പി.എല്‍ ലിസ്റ്റില്‍പ്പെട്ടവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
കേരളാ കോണ്‍ഗ്രസ്സ് (എം), മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച കര്‍ഷക രാഷ്ട്രീയവും അദ്ധ്വാനവര്‍ഗ്ഗത്തിനായുള്ള പോരാട്ടവും കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും. രാഷ്ട്രീയവും സംഘടനാപരവുമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി പാര്‍ട്ടി സംസ്ഥാന ഏകദിനക്യാമ്പ് ഉടന്‍ചേരും. ഉന്നതാധികാര സമിതി അംഗങ്ങളും, ജില്ലാ പ്രസിഡന്റുമാരും, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും, പോഷകസംഘടനാ ഭാരവാഹികളും, ജനപ്രതിനിധികളും ഉള്‍പ്പടെയുള്ള 21 സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ പുറത്താക്കിയ പി.ജെ ജോസഫിന്റെ നടപടി പാര്‍ട്ടി ഭരണഘടനയുടെ സമ്പൂര്‍ണ്ണ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. ഉന്നതാധികാര സമിതി അംഗം ബാബു ജോസഫ് കോട്ടയം മുന്‍സിഫ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.08.2019) ഹൈപവര്‍ കമ്മറ്റി വിളിച്ചൂ കൂട്ടാനുള്ള ജോസഫിന്റെ നീക്കം കോടതി വിലക്കിയിരിക്കുന്നു. ഈ വിധി ജോസഫിന്റെ നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ്.
സ്റ്റിയറിംഗ് കമ്മറ്റി ഉള്‍പ്പടെയുള്ള പരമാധികാര സമിതികളില്‍ ഭൂരിപക്ഷമില്ലാത്ത പി.ജെ ജോസഫ് ക്രിത്രിമ ഭൂരിപക്ഷം ചമക്കാന്‍ നടത്തിയ ഈ അപഹാസ്യനീക്കം “കയറെത്താത്തതിനാല്‍ കിണറങ്ങ് മൂടിക്കളയാം” എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. തനിക്കില്ലാത്ത അധികാരം പ്രയോഗിച്ചുകൊണ്ട് ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കന്മാരെ പുറത്താക്കിയ പി.ജെ ജോസഫിന്റെ നടപടി തള്ളിക്കളയുന്നതിന് യോഗം തീരുമാനിച്ചു. എല്ലാവരെയും പുറത്താക്കി താനാണ് പാര്‍ട്ടി എന്നു വരുത്തിതീര്‍ക്കാന്‍ കുത്സിതമാര്‍ഗം സ്വീകരിക്കുന്ന ജോസഫിന്റെ നടപടി പാര്‍ട്ടിയുടെ അന്തസത്തക്ക് നിരക്കാത്തതും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭിന്നത സൃഷ്ടിക്കുന്നതുമാണ്. പാര്‍ട്ടി വിരുദ്ധമായ ഈ പ്രവര്‍ത്തനം നടത്തിയ പി.ജെ ജോസഫിനും, ജോയി എബ്രഹാമിനും കാരണം കാണിക്കുന്നതിനുള്ള നോട്ടീസ് നല്‍കാന്‍ യോഗം തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും, സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റുള്ളവരെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിനുമായി അച്ചടക്കസമിതിക്ക് രൂപം നല്‍കി. മുതിര്‍ന്ന നേതാവ് പി.കെ സജീവ് ചെയര്‍മാനായ അച്ചടക്ക സമിതിയില്‍,പി.ടി ജോസ്, കെ.ഐ ആന്റണി എന്നിവര്‍ അംഗങ്ങളായിരിക്കും.
പി.ജെ ജോസഫും കൂട്ടരും രാഷ്ട്രീയ അഭയാര്‍ത്ഥികളായാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ലേക്ക് വന്നത്. അധ്വാനിക്കുന്നവരുടേയും കര്‍ഷകരുടേയും ആശ്രയവും തുണയുമായ കേരളാ കോണ്‍ഗ്രസ്സിന് രാഷ്ട്രീയമായി കൂടുതല്‍ കരുത്തു പകരാനായി വിശാലമായ താല്‍പര്യത്തോടെ അഭയം നല്‍കിയ മാണിസാറിനോടും കേരളാ കോണ്‍ഗ്രസ്സിനോടും കടുത്ത വഞ്ചനയാണ് ജോസഫും കൂട്ടരും കാണിച്ചിട്ടുള്ളത്. മഹാസമ്മേളന സമയത്ത് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചതും, കേരള യാത്രയുടെ ഉത്ഘാടന ചടങ്ങില്‍ പതാക കൈമാറിയിട്ട് വിമര്‍ശനവുമായി സമാപന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതുമെല്ലാം ജോസഫിന്റെ കുടില ബുദ്ധിയുടെ ഭാഗമായിരുന്നു. മാണിസാറിന്റെ അനുസ്മരണ ചടങ്ങ് തിരുവനന്തപുരത്ത് അതിദയനീയമായി സംഘടിപ്പിച്ച് അനാദരവ് കാട്ടിയ ജോസഫിന്റെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ വേദനയാണ് സമ്മാനിച്ചത്.
പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്നത് തികച്ചും ജനാധിപത്യപരമായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിയെ അംഗീകരിച്ച് പാര്‍ട്ടിക്ക് കരുത്തുപകരേണ്ട പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ക്കാനായി മറ്റാരുടേയോ അച്ചാരം വാങ്ങിയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഹീനമായ നീക്കങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി അണിനിരന്ന് ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും.