ജോളിയുടെ സുഹൃത്ത് റാണി പോലീസില്‍ കീഴടങ്ങി; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരം ലഭിച്ചതായി സൂചന
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് പറമ്പില്‍ബസാര്‍ സ്വദേശിയായ റാണിയെ ചോദ്യം ചെയ്യുന്നു. വടകര റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് റാണിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റാണിയെ കുറിച്ച് അന്വേഷിച്ചെങ്കിലും മുങ്ങിയതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് റാണി ഇന്ന് നേരിട്ട് വടകര എസ്പി ഓഫീസിലെത്തിയത്. റാണിയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസും നല്‍കിയിരുന്നു.
ജോളി അറസ്റ്റിലായതിനു പിന്നാലെയാണ് യുവതി മുങ്ങിയത്. തലശേരിയില്‍ കല്ല്യാണത്തിനാണെന്ന് പറഞ്ഞാണ് ഇവര്‍ പോയതെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. എന്‍ഐടി പരിസരത്ത് തയ്യല്‍കട നടത്തിയിരുന്ന റാണിക്ക് ജോളിയുമായി അടുത്ത ബന്ധമായിരുന്നുളളതെന്നാണ് പറയുന്നത്. ജോളിയുടെ മൊബൈല്‍ ഫോണിലും റാണിക്കൊപ്പമുള്ള ഫോട്ടോകള്‍ ഉണ്ടായിരുന്നു.
കുടുംബശ്രീ ചെയര്‍പഴ്സണായിരുന്ന റാണി എന്‍ഐടിക്കടുത്ത് തയ്യല്‍കട നടത്തുമ്പോള്‍ ജോളി അതിനടുത്തുള്ള ഡ്രൈവിംഗ് സ്‌കൂളില്‍ എത്തിയിരുന്നു. അവിടെ നിന്നുള്ള ബന്ധമാണ് ഇരുവരേയും ഉറ്റസുഹൃത്തക്കളാക്കി മാറ്റിയത്. ജോളി കൊലപാതം നടത്തിയതിന്റെ വിവരങ്ങള്‍ റാണിക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയേയും എം.എസ്. മാത്യു എന്ന ഷാജിയേയയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.