കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളി സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിനു നല്‍കിയെന്ന് കൂട്ടുപ്രതി എം.എസ് മാത്യുവിന്റെ മൊഴി. രണ്ടുതവണ ജോളി സയനൈഡ് ചോദിച്ചെങ്കിലും ഒരു തവണ മാത്രമാണ് നല്‍കിയതെന്നും മാത്യു പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു പ്രജികുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. താന്‍ ഒരുതവണ മാത്രമാണ് മാത്യുവിന് സയനൈഡ് നല്‍കിയതെന്നും പ്രജികുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ 2 തവണ മാത്യു തനിക്കു സയനൈഡ് നല്‍കിയെന്നു ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
അതേസമയം അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ നാട്ടിലെത്തി. അമേരിക്കയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ റോജോ വൈക്കത്തുള്ള സഹോദരി റെഞ്ജിയുടെ വീട്ടിലക്കു പോയി. നാളെ വടകര റൂറല്‍ എസ്പി ഓഫീസില്‍ വച്ച് അന്വേഷണ സംഘം റോജോയുടെ മൊഴിയെടുക്കും. സംഭവത്തില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജു സക്കറിയയെയും പിതാവ് സക്കറിയാസിനെയും ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഇന്ന് വിളിപ്പിച്ചിട്ടുണ്ട്.
മുഖ്യപ്രതി ജോളിയുടെ കുടെയിരുത്തിയാകും ചോദ്യം ചെയ്യലെന്നാണ് സൂചന. കൊലപാതകത്തിലുള്‍പ്പെടെ ഇരുവര്‍ക്കും പങ്കുണ്ടെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും വടകര റൂറല്‍ എസ്.പി ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം ഷാജുവിന്റെ ഫോണ്‍ വിളിയുള്‍പ്പെടെ നിരീക്ഷിച്ചതില്‍ ഗൗരവമേറിയ പലതും കണ്ടെത്താനായെന്നാണ് അന്വേഷണസംഘം പറയുന്നത്.