ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ അടുത്ത മാസം ഇന്ത്യയില്‍ ലഭ്യമായേക്കും; വില 1855 രൂപ
ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങും. കമ്പനിയില്‍ നിന്ന് വാക്സിന്‍ നേരിട്ട് വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് ഇന്ത്യയിലെ ആരോഗ്യ സേവനദാതക്കളുടെ സംഘടന. ആദ്യഘട്ടത്തില്‍ കുറച്ച് ഡോസുകള്‍ മാത്രമേ ലഭ്യമാകുകയുള്ളെങ്കിലും ജൂലൈ മുതല്‍ വാക്സിന്‍ രാജ്യത്ത് എത്തും.
1855 രൂപയായിരിക്കും ഇന്ത്യയിലെ വാക്സിന്റെ വില. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇന്ത്യപോലൊരു രാജ്യത്തിന് അനുയോജ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്, പ്രത്യേകിച്ചും അടിസ്ഥാന ആരോഗ്യസൗകര്യങ്ങള്‍ കുറവുള്ള മേഖലകളില്‍.
ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പ്രാരംഭചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. 66.3 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തി. കുത്തിവയ്പ്പെടുത്ത് 28 ദിവസത്തിന് ശേഷം കോവിഡ് വന്നാലും ആശുപത്രിവാസം വേണ്ടിവരില്ലെന്നതില്‍ 100 ശതമാനം ഉറപ്പാണ് വാക്സിന്‍ ഉറപ്പുതരുന്നത്.