KeralaNews

രാജ്യസഭയില്‍ തീപ്പൊരി പ്രസംഗവുമായി ജോണ്‍ബ്രിട്ടാസ്‌ ; ബിജെപി ബഞ്ചില്‍ എമ്പുരാനിലെ മുന്നയെന്ന് സുരേഷ് ഗോപിയുടെ പേരു പറയാതെ ജോണ്‍ ബിട്ടാസ്; തൃശൂരിലെ അക്കൗണ്ടും പൂട്ടിക്കുമെന്നും വെല്ലുവിളി;തിരിച്ചടിച്ച് സുരേഷ് ഗോപി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്.കേന്ദ്ര സര്‍ക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ബ്രിട്ടാസ് ഉയര്‍ത്തിയത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞാണ് തുടങ്ങിയത്. വഖഫ് ബോര്‍ഡില്‍ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരില്‍ ബി ജെ പി മുതലകണ്ണീര്‍ ഒഴുക്കുകയാണ്. പക്ഷേ ജബല്‍ പൂരില്‍ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം നടന്നു.

കഴിഞ്ഞവര്‍ഷം മാത്രം 700-ഓളം ആക്രമണങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരേ നടന്നത്. മണിപ്പൂരില്‍ ഇരുന്നൂറിലേറെ പള്ളികള്‍ ഇവര്‍ കത്തിച്ചു. ഇവര്‍ രണ്ടുമൂന്നുദിവസമായി ക്രിസ്ത്യാനി, മുനമ്പം എന്നൊക്കെ പറയുന്നുണ്ടല്ലോ. സ്റ്റാന്‍ സ്വാമിയെ മറക്കാന്‍ പറ്റുമോ. പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരുതുള്ളി വെള്ളം കഴിക്കാന്‍ കഴിയാതെ ഒരു സ്ട്രോയ്ക്ക് വേണ്ടി കരഞ്ഞ മനുഷ്യന്‍. ആ മനുഷ്യനെ നിങ്ങള്‍ ജയിലിലിട്ട് കൊന്നില്ലേ. ഗ്രഹാം സ്റ്റെയിന്‍സിനെ മറക്കാന്‍ പറ്റുമോ, അദ്ദേഹത്തെ മക്കളോടൊപ്പം ചുട്ടുകൊന്നില്ലേ. ഇപ്പോഴും ആക്രമണം നടക്കുകയല്ലേ ചെയ്യുന്നത്.

ബൈബിളില്‍ ഒരു കഥാപാത്രമുണ്ട്, മുപ്പതുവെള്ളിക്കാശിന് യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത കഥാപാത്രം. ഇവിടെയിരിക്കുന്ന ചിലരൊക്കെ അങ്ങനെയുള്ള കഥാപാത്രങ്ങളാണ്. കഴിഞ്ഞദിവസം കുരിശിന്റെ പേരും ക്രിസ്ത്യാനിയും എന്നൊക്കെ പറഞ്ഞ ആള്‍ക്കാരുണ്ട്. അവര്‍ യഥാര്‍ഥത്തില്‍ യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിനെപ്പോലെയാണ്.

കഴിഞ്ഞദിവസം ഞങ്ങള്‍ ഒരുസിനിമയെക്കുറിച്ച് പറഞ്ഞു. എമ്പുരാന്‍ സിനിമ. എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്. ആരാണെന്നറിയുമോ, മുന്ന. ആ മുന്നയെ ഇവിടെക്കാണാം. ഈ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും. കേരളം തിരിച്ചറിയും അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ഞങ്ങള്‍ അവിടെനിന്നും മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. ഞങ്ങള്‍ നേമത്ത് അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ തന്നെ ആ അക്കൗണ്ടും ഞങ്ങള്‍ പൂട്ടിക്കും. ഒരു തെറ്റുപറ്റി മലയാളിക്ക്. ആ തെറ്റ് ഞങ്ങള്‍ വൈകാതെ തിരുത്തും, പേടിക്കേണ്ട.

ഒരുകാര്യം ഞാന്‍ പറയാം. മുനമ്പത്തെ ഒരാള്‍ക്കുപോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. അത് ഞങ്ങളുടെ വാഗ്ദാനമാണ്. അഞ്ചുലക്ഷം ഭവനരഹിതര്‍ക്ക് വീട് കൊടുക്കാനുള്ള കരുത്തും ആത്മാര്‍ഥതയും ഇടതുപക്ഷത്തിനുണ്ടെങ്കില്‍ ഈ മുനമ്പത്തെ ആള്‍ക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ ചെയ്തിരിക്കും. നിങ്ങളുടെ ആരുടെയും ഓശാരം വേണ്ട.

മസ്ജിദ് മറച്ചുമൂടിയിടുന്നത് പോലെ കേരളത്തിലെ ഒരു ആരാധനാലയവും മറയ്ക്കേണ്ടിവരില്ല. ഒരാള്‍ക്കും ഭയത്തില്‍ കഴിയേണ്ടിവരില്ല. ഏവര്‍ക്കും സാഹോദര്യത്തോടെ കേരളത്തില്‍ ജീവിക്കാനുള്ള അന്തരീക്ഷം ഞങ്ങളുണ്ടാക്കിയിരിക്കും. അത് അവിടെയുണ്ട്. അത് നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കറിയാം. ഇപ്പോള്‍ നിങ്ങള്‍ ക്രിസ്ത്യാനികളുടെ മുകളില്‍ മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ ആ കള്ളം കണ്ടറിയാനും തിരിച്ചറിയാനുമുള്ള കഴിവ് മലയാളിക്കുണ്ടെന്ന് മനസിലാക്കുക.

ഈ ബില്ലില്‍ നിങ്ങള്‍ ഊന്നുമ്പോള്‍ മുനമ്പം മുനമ്പം എന്നുപറയുന്നു. ഉത്തരേന്ത്യയില്‍നിന്ന് എത്രയോ പതിനായിരക്കണക്കിന് ആള്‍ക്കാരെ നിങ്ങള്‍ ആട്ടിപ്പായിച്ചു. അമ്പതിനായിരത്തിലേറെ ആള്‍ക്കാരാണ് മണിപ്പൂരില്‍ അഭയാര്‍ഥികളായി കഴിയുന്നത്. എത്രയോ ആള്‍ക്കാര്‍ രാജ്യംവിട്ടു. നിങ്ങള്‍ക്ക് അവരെക്കുറിച്ചൊന്നും പറയാനില്ല. എത്രയോ പള്ളികള്‍ തകര്‍ത്തു നിങ്ങള്‍.

നിങ്ങള്‍ എമ്പുരാനിലെ മുന്നയാണ്. നിങ്ങള്‍ മുന്നയാണ്. ഈ മുന്നമാരെ തിരിച്ചറിയാനുള്ള കരുത്ത് മലയാളിക്കുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു അപേക്ഷ കൊടുക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ ഈ ബില്‍ പിന്‍വലിക്കണം. സാമുദായിക സൗഹാര്‍ദം വേണമെങ്കില്‍, ജനങ്ങളെ തുല്യരായി പരിഗണിക്കുന്നുണ്ടെങ്കില്‍ ദൈവങ്ങളെ തുല്യരായി പരിഗണിക്കുന്നുണ്ടെങ്കില്‍ ഇത് പിന്‍വലിക്കണം.

ബ്രിട്ടാസിന്റെ പ്രസംഗത്തിന് പിന്നാലെ സുരേഷ് ഗോപി മറുപടിയുമായി എണീറ്റു.

എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ജോണ്‍ ബ്രിട്ടാസിനോ കേരള മുഖ്യമന്ത്രിക്കോ ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകളുടെ റീ റിലീസ് അനുവദിക്കാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. എന്നിട്ടു വേണം അവര്‍ എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്താനെന്നും ബ്രിട്ടാസിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

എമ്പുരാന്‍ ചിത്രത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കാനോ ചിത്രം റീ സെന്‍സര്‍ ചെയ്യാനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കുമേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താനീ പറയുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നു പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാക്കളെ ആദ്യം ബന്ധപ്പെട്ടതും താനാണ്. ഇതാണ് സത്യം. ഈ പറഞ്ഞ കാര്യം കളവാണെങ്കില്‍ എന്ത് ശിക്ഷയേറ്റുവാങ്ങാനും തയ്യാറാണ്.

ചിത്രത്തിലെ 17 ഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം സംവിധായകന്റെ സമ്മതത്തോടുകൂടി നിര്‍മാതാക്കളുടെയും ചിത്രത്തിലെ പ്രധാന നടന്റേതുമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത് രാഷ്ട്രീയ സര്‍ക്കസാണെന്നും അതുവഴി തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

മുനമ്പം വിഷയത്തിലേക്ക് വരികയാണെങ്കില്‍, നിങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയിരിക്കുന്നത്, മറ്റു പലതും പൊള്ളിയിട്ടുണ്ട്. ഇനിയും പൊള്ളും, അതിന്റെ മുറിവ് നിങ്ങള്‍ക്കേല്‍ക്കുമെന്നും ബ്രിട്ടാസിനോടായി അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയ പാര്‍ട്ടി എണ്ണൂറോളം പേരെയാണ് കേരളത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. അവരുടേത് കൊലപാതക രാഷ്ട്രീയമാണ്. മുനമ്പത്ത് അറുന്നൂറോളം കുടുംബങ്ങളെ ചതിയില്‍പ്പെടുത്തിയിരിക്കുകയാണ്. വഖഫ് നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുക്കുകയല്ല ചവിട്ടിത്താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker