കാട്ടുതീയില്‍ വെന്തു മരിച്ച വനപാലകരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഫോറസ്റ്റ് വാച്ചര്‍മാരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് മന്ത്രി കെ. രാജു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും നല്‍കും. തീയണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രൈബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ കെ.യു. ദിവാകരന്‍ (43), താത്കാലിക ജീവനക്കാരന്‍ കൊടുമ്പ് എടവണ വളപ്പില്‍ വീട്ടില്‍ വേലായുധന്‍ (54), കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കരന്‍ (48) എന്നിവരാണു മരിച്ചത്.
കൊറ്റമ്പത്തൂരില്‍ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നു. വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശിയതോടെ തീയണച്ചുകൊണ്ടിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു ഇവര്‍ തീയില്‍പ്പെട്ടു മരിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.