ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഞായറാഴ്ച നടന്ന അക്രമങ്ങള്‍ ആസൂത്രിതം. പുറത്തുവന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് സംഘര്‍ഷം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തോന്നിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആരില്‍നിന്നുമുണ്ടായിട്ടില്ല. രണ്ടു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് അക്രമം നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നത്. യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്നിവയായിരുന്നു ഈ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍. ഈ രണ്ടു ഗ്രൂപ്പുകളിലും ജെഎന്‍യുവില്‍ അക്രമങ്ങള്‍ അഴിച്ചുവിടാനുള്ള തയാറെടുപ്പുകള്‍ നടന്നതായി വ്യക്തമാണ്. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍വരെ ഗ്രൂപ്പില്‍ വിവരിക്കുന്നു. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു.
ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ജെഎന്‍യുവില്‍ ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി അക്രമികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചു. കാമ്പസിലെ ഹോസ്റ്റലുകളിലും ഗുണ്ടകള്‍ ആക്രമണം നടത്തി. എന്നിട്ടും ചെറുവിരല്‍ അനക്കാന്‍ ഡല്‍ഹി പോലീസ് തയാറായില്ല. മൂന്നു മണിക്കൂറോളം അക്രമികള്‍ ജെഎന്‍യു കാമ്പസില്‍ അഴിഞ്ഞാടി. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി എത്തിയ ആംബുലന്‍സുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി. സബര്‍മതി ഹോസ്റ്റലിനുള്ളിലും കാവേരി ഹോസ്റ്റലിനുള്ളിലും മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റല്‍ അടിച്ചുതകര്‍ത്തു. സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ചിലര്‍ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം. അധ്യാപക സംഘടനയുടെ പരിപാടിക്കിടെയായിരുന്നു അമ്പതോളം വരുന്ന മുഖം മറച്ച സംഘം വടികളുമായെത്തി അക്രമണമുണ്ടായത്. യൂണിയന്‍ നേതാക്കളെ അക്രമിച്ച ശേഷം കാന്പസിലെ സബര്‍മതി ഹോസ്റ്റലും വഴിയില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. ഹോസ്റ്റല്‍ ഫീസ് വര്‍ധന, രജിസ്‌ട്രേഷന്‍ ബഹിഷ്‌കരണം എന്നിവയെ ചൊല്ലി തുടരുന്ന സംഘര്‍ഷത്തിനിടെയാണു കാന്പസിനുള്ളില്‍ അക്രമം ഉണ്ടായത്. എബിവിപിയുടെ ഗുണ്ടാ അക്രമത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.