ന്യൂഡൽഹി: റിപ്പബ്ലിക് ഡേ പ്രമാണിച്ച് വരിക്കാർക്ക് വമ്പൻ ഓഫർ പാക്കേജുകളുമായി ജിയോ. അൺലിമിറ്റഡ് ആനുകൂല്യങ്ങളുൾപ്പെടുന്ന ഒരു വർഷം വാലിഡിറ്റി വരുന്ന പ്ലാൻ ആണ് വരിക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനമായി ജിയോ അവതരിപ്പിക്കുന്നത്. ഒരു വർഷത്തേക്ക് 2.5 ജിബി 4 ജി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും കൂടാതെ അൺലിമിറ്റഡ് 5 ജി ഡാറ്റയും അടക്കം ആകർഷകമായ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
230 രൂപയുടെ ശരാശരി പ്രതിമാസ റീചാർജ് പ്ലാൻ ജനുവരി 15 മുതൽ ജനുവരി 30 വരെ ‘മൈ ജിയോ’ ആപ്പ് വഴി ലഭ്യമാകും. ഇതൊരു പുതിയ പ്ലാൻ അല്ലെങ്കിലും, റിപ്പബ്ലിക് ദിന ഓഫറിന് കീഴിൽ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വിവിധ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾക്കൊപ്പം 3,226 രൂപ, 3,225 രൂപ, 3,227 രൂപ, 3,178 രൂപ തുടങ്ങിയ വിലകളുടെ വാർഷിക റീചാർജ് പ്ലാനുകളും ജിയോ നല്കുമെന്നാണ് റിപ്പോർട്ട്. 4,498 രൂപ വിലയുള്ള കൂടിയ ജിയോ പ്ലാനിന് ഒപ്പം പ്രൈം വീഡിയോ മൊബൈൽ, ഹോട്ട്‌സ്റ്റാർ മൊബൈൽ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ 14 ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കും.
സ്വിഗ്ഗി സബ്‌സ്‌ക്രിപ്‌ഷൻ, അജിയോ കൂപ്പണുകൾ, ഇക്‌സിഗോ ഓഫറുകൾ, റിലയൻസ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത പ്രോഡക്ടുകൾക്ക് 10 ശതമാനം വരെ കിഴിവ് എന്നിവ പോലുള്ള ഓഫറുകളും കമ്പനി നൽകുന്നുണ്ട്. ജിയോ അടക്കമുള്ള സേവനദാതാക്കൾ, സൗജന്യ അൺലിമിറ്റഡ് 5ജി സേവനം ഈ വർഷം പകുതിയോടെ അവസാനിപ്പിക്കും എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ജിയോയ്ക്ക് ഒപ്പം എയർടെലും ഓഫറുകൾ പിൻവലിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് പുതിയ വാർത്ത വരുന്നത്.
ഇതുകൂടാതെ 7 വാർഷിക പ്ലാനുകളാണ് ജിയോയുടെ പ്രീ പെയ്ഡ് വരിക്കാർക്ക് ലഭിക്കുന്നത്. 2025 വരെ നീണ്ടുനിൽക്കുന്ന പ്ലാനുകളാണിവ. 2545 രൂപയിലാണ് ജിയോ വാർഷിക പ്ലാനുകൾ തുടങ്ങുന്നത്. 4498 രൂപയാണ് ജിയോയുടെ ഏറ്റവും വില കൂടിയ വാർഷിക പ്ലാൻ. 2545 രൂപയ്ക്ക് റീചാർജ് ചെയ്താൽ 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ദിവസേന 1.5 ജിബി ഡാറ്റയാണ് ഓഫർ. അൺലിമിറ്റഡ് വോയിസ് കോളുകളും, ദിവസേന 100 SMSഉം ജിയോ നൽകുന്നു.
പ്രതിദിനം 2.5 GB ഡാറ്റയാണ് 2999 രൂപയുടെ പ്ലാനിലുള്ളത്. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് കോളിങ്ങും 100 എസ്എംഎസ്സും ഈ റീചാർജ് പ്ലാനിലും ഉറപ്പാണ്. 3178 രൂപയുടെ പ്ലാനിൽ ദിവസവും 100 SMS ലഭിക്കും. 2 GB ഡാറ്റയും പ്രതിദിനം ലഭിക്കുന്നു. 3225 പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 GB ഡാറ്റ ലഭിക്കും. 3226, 3227 പ്ലാനുകളും സമാന ഓഫറുകളാണ്. എന്നാൽ ഇവയുടെ ഒടിടി ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്.