മുംബൈ:ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസിന് തുടക്കമായി. 999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. രാജ്യത്തെ മുൻനിര സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ സിനിമ ഹോളിവുഡ് കണ്ടന്റിലേക്ക് കൂടി ആക്സസ് നൽകിക്കൊണ്ടാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് തുടങ്ങിയിരിക്കുന്നത്.
ഫിഫ വേൾഡ് കപ്പ്, ഐ പി എൽ 2023 പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നൽകി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്ന പ്ലാറ്റ്ഫോമാണ് ജിയോ സിനിമ. ഇപ്പോളിതാ ദി ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ തുടങ്ങി ഷോകൾ ഉൾപ്പെടെ എച്ച് ബി ഒയിലെ പ്രീമിയം കണ്ടെന്റ് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഐഎപിഎല്ലിന് ശേഷമാണ് പുതിയ പ്ലാൻ പ്രാബല്യത്തിൽ വരിക.
999 രൂപയുടെ പ്ലാനനുസരിച്ച് വാർഷിക പ്ലാനിൽ ജിയോ സിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാർക്ക് ക്വാളിറ്റിയുള്ള വിഡിയോയും ഓഡിയോയും ലഭിക്കും. ഒരേ സമയം നാല് ഡിവൈസുകളിൽ വരെ കണ്ടന്റ് സ്ട്രീം ചെയ്യാനാകും. ചെർണോബിൽ, വൈറ്റ് ഹൗസ് പ്ലംബേഴ്‌സ്, വൈറ്റ് ലോട്ടസ്, മേർ ഓഫ് ഈസ്റ്റ്‌ടൗൺ, ബാരി, ബിഗ് ലിറ്റിൽ ലൈസ്, വെസ്റ്റ് വേൾഡ്, സിലിക്കൺ വാലി, ട്രൂ ഡിറ്റക്റ്റീവ്, ന്യൂസ്‌റൂം, ഗെയിം ഓഫ് ത്രോൺസ്, പെറി മേസൺ, ഹാരി പോട്ടർ സീരീസ്, ദി ഡാർക്ക് നൈറ്റ് ട്രൈലോജി, ബാറ്റ്മാൻ വി സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളും ജിയോസിനിമയിൽ ലഭ്യമാകും. നിലവില് കമ്പനി ഇപ്പോൾ ഈയൊരു പ്ലാൻ മാത്രമാണ് അവതരിപ്പിക്കുന്നത്.
വാർണർ ബ്രദേഴ്സുമായി പുതിയ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് ജിയോ എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.റിലയൻസിന്റെ വയാകോം18 ഉം വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും മൾട്ടി-ഇയർ കരാർ പ്രഖ്യാപിച്ചിരുന്നു. വാർണർ ബ്രദേഴ്സിന്റെയും ഇന്ത്യയിലെ ടിവി സീരിസുകളുടെയും സിനിമകളുടെയും കാറ്റലോഗിന്റെ പുതിയ ഹോമാകും ജിയോസിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് വ്യത്യസ്തമായി വാർണർ ബ്രദേഴ്സിന്റെ എല്ലാ പ്രൊഡക്ഷനുകളും ജിയോസിനിമ ആപ്പിലൂടെ നേരിട്ട് സ്ട്രീം ചെയ്യും.
നിലവിൽ എച്ച്ബിഒ മാക്സിന് ഇന്ത്യയിൽ ഇതുവരെ പ്രത്യേകം സ്ട്രീമിങ് സർവീസില്ലായിരുന്നു. ഹോട്ട്സ്റ്റാറുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതിനാൽ എച്ച്ബിഒ കണ്ടന്റുകളൊക്കെ രാജ്യത്ത് ഓർമയായ സാഹചര്യത്തിലാണ് പുതിയ വാർത്ത. വാർണർ ബ്രദേഴ്സ്, ഡിസ്കവറി ബ്രാൻഡുകൾക്ക് രാജ്യത്ത് നിരവധി ആരാധകരുണ്ട്.