തിരുവനന്തപുരം: സംസ്ഥാനത്തെ ജൂവലറികള്‍ ഇന്നു മുതല്‍ തുറക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒന്നര മാസത്തിലധികമായി ഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് സ്വര്‍ണ വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. നികുതി ഇനത്തില്‍ സര്‍ക്കാരിനും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി.
സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച്, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയായിരിക്കും ഷോപ്പുകള്‍ തുറക്കുക. ഷോറൂമുകള്‍ അമുവിമുക്തമാക്കുകയും ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യും. എല്ലാ ജൂവലറികളും സാനിറ്റൈസറുകള്‍ ഉള്‍പ്പെടെയുള്ള അണുവിമുക്ത മാര്‍ഗങ്ങള്‍ സജ്ജമാക്കുകയും ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്യും. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താപനില പരിശോധനക്കാനും ഷോപ്പുകളില്‍ സൗകര്യമുണ്ടാകും.
ജൂവലറികള്‍ അടഞ്ഞു കിടന്നിരുന്നുവെങ്കിലും കേരളത്തില്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പവനു 35,040 രൂപയും ഗ്രാമിനു 4,380 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ സ്വര്‍ണ വില. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്.
അതേസമയം, ഇന്നലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവനു 520 രൂപ കുറഞ്ഞു. ഗ്രാമിനു 4,315 രൂപയും പവനു 34,520 രൂപയുമായിരുന്നു ഇന്നലത്തെ വില.