‘കൊച്ചി:കുറച്ചു കാലമായി ഇലക്ട്രിക് കാറുളെക്കുറിച്ച് കൂടുതലായി പഠിക്കുന്നു ഇപ്പോഴാണ് ഒരെണ്ണം സ്വന്തമാക്കാൻ സാധിച്ചത്, ഇനി അങ്ങോട്ട് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം’. പറയുന്നത് മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫാണ്. ഒന്നല്ല രണ്ട് ഇലക്ട്രിക് വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് ജീത്തു ജോസഫ്. എംജിയുടെ ഇലക്ട്രിക് എസ്‍യുവി സിഎസ്, ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടർ ഐക്യൂബ് എന്നിവയാണ് അദ്ദേഹം ഗാരീജിലെത്തിച്ചത്.
‘ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള പരിസ്ഥിതി മലിനീകരണങ്ങൾ നമുക്കറിയാം അതു കുറയ്ക്കുന്നതിനായി എന്റെ ഭാഗത്തു നിന്ന് സമൂഹത്തിന് നൽകുന്നൊരു സംഭാവനയാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങൽ. ഇത്രയും കാലം വീട്ടിലെ ചെറു യാത്രകൾക്കെല്ലാം കൂടുതലും ഒരു നിസാൻ മൈക്രയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇനി ഇലക്ട്രിക്കിലേക്ക് മാറും. കൂടാതെ കേരളത്തിന് അകത്തുള്ള ലോക്കേഷനുകളിൽ പോകാനും ഈ ഇലക്ട്രിക് എസ്‍യുവി ഉപയോഗിക്കും’ – ജീത്തു പറയുന്നു. നിലവിലെ റേഞ്ച് വച്ച് പോയി തിരിച്ചുവരാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് മാത്രമായിരിക്കും യാത്ര. എന്നാൽ റീച്ചാർജിങ് സൗകര്യങ്ങൾ വ്യാപകമായാൽ ഇലക്ട്രിക് കാർ യാത്രകളുടെ ദൈർഘ്യം കൂട്ടുമെന്നും ജീത്തു പറയുന്നു. ഡ്രൈവർക്കുള്ള ചെറു യാത്രകൾക്കും വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കുമായാണ് സ്കൂട്ടർ വാങ്ങിയത്.
ഇലക്ട്രിക് വാഹനത്തിന്റെ പ്രകടനത്തിൽ തൃപ്തനാണ്. ഇനി അങ്ങോട്ട് വാങ്ങുന്നതും ഇലക്ട്രിക് വാഹനമായിരിക്കണം എന്നാണ് ആഗ്രഹം. നിലവിൽ ബിഎംഡബ്ല്യു 6 സീരിസ് ജിടി എന്ന ഡീസൽ സെഡാനാണുള്ളത്. ദൂരെ യാത്രകൾക്ക് ഇപ്പോൾ അതിനെ ആശ്രയിക്കാതെ തരമില്ല. റേഞ്ച് കൂടിയ ഇലക്ട്രിക് വാഹനം ഇറങ്ങിയാൽ തീർച്ചയായും അതുവാങ്ങുമെന്നും സൂപ്പർഹിറ്റ് സംവിധായകൻ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദപരമായി ഉപയോഗിക്കണമെങ്കിൽ വീടും സോളാറാക്കണം. അതിനുള്ള സജ്ജീകരണങ്ങൾ ആദ്യമേ തന്നെ നൽകിയിട്ടുണ്ട്. ഉടൻ തന്നെ വീടും സോളാറാക്കുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.
എംജിയുടെ ഇലക്ട്രിക് എസ്‌യുവി സിഎസിന്റെ ഉയർന്ന വകഭേദമായ എക്സ്ക്ലൂസീവാണ് ജീത്തു ജോസഫ് സ്വന്തമാക്കിയത്. ഒറ്റ ചാർജിൽ 419 കിലോമീറ്റർ സഞ്ചരിക്കുന്ന 44.5 കിലോവാട്ട് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് എംജിയിൽ ഉപയോഗിക്കുന്നത്. പരമാവധി 143 ബിഎച്ച്പി പവറും 353 എന്‍എംടോര്‍ക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം 50 മിനിറ്റിൽ ചാർജാകും. എസി ചാർജർ മോഡലിൽ 6 മുതല്‍ 9 മണിക്കൂർ വരെയാണ് ചാർജിങ് സമയം. ഇതുകൂടാതെയാണ് പോർട്ടബിൾ ചാർജറുമുണ്ട്. രാജ്യത്തെ ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ്‌യുവിയായി എത്തിയ എംജി സിഎസിൽ ഐ-സ്മാര്‍ട്ട് ഇവി 2.0 സംവിധാനത്തിലുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെൻമെന്റ് സിസ്റ്റമുണ്ട്. കൂടാതെ ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്.
ടിവിഎസിന്റെ ഇലക്ട്രിക് സ്കൂട്ടറാണ് ഐ ക്യൂബ്. സ്മാര്‍ട്ട് എക്സോനെക്ട് പ്ലാറ്റ്ഫോം വിത്ത് ബ്ലൂടൂത്ത് കണക്ടിവിറ്റി, അഡ്വാന്‍സ്ഡ് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ഫെന്‍സിങ്ങ്, ബാറ്ററി ചാര്‍ജിങ് സ്റ്റാറ്റസ്, നാവിഗേഷന്‍ ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ തുടങ്ങിയവ സാങ്കേതിക വിദ്യകളുള്ള ഐക്യൂബിൽ 4.4 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ്. 140 എന്‍.എം.ടോര്‍ക്കാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗം. ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററും സഞ്ചരിക്കാനാകും. അഞ്ച് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.