‘കൂട്ടുകാരെ… ഈ ക്ലൂ ക്ലൂസ് പൊടി കണ്ടോ? ഇതില്‍ 80 മധുരമുണ്ട്…’; കുട്ടി വ്‌ളോഗറുടെ വീഡിയോ പങ്കുവെച്ച് നടന്‍ ജയസൂര്യ
കൊവിഡും ലോക്ഡൗണും സോഷ്യല്‍ മീഡിയയ്ക്ക് നിരവധി കുട്ടിത്താരങ്ങളെയാണ് സമ്മാനിച്ചത്. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടികള്‍ ചെയ്യുന്ന ചെറിയ ചെറിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ചുളള പരാതികളും ഡാന്‍സും പാട്ടുമൊക്കെയായെത്തുന്ന കുരുന്നുകളെ കാഴ്ചക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.
ഇത്തരത്തില്‍ ‘ക്ലൂ ക്ലൂസ്’ പൊടി പരിചയപ്പെടുത്തുന്ന കുറുമ്പന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗ്ലൂക്കോസ് പൊടിയെക്കുറിച്ചാണ് പറയുന്നതെങ്കിലും കുട്ടി വ്‌ളോഗറുടെ നാവിന് വഴങ്ങുന്നത് ‘ക്ലൂ ക്ലൂസ്’ എന്നാണ്. എങ്കിലും ആത്മവിശ്വാസത്തോടെയുളള കൊച്ചുമിടുക്കന്റെ വീഡിയോയാണ് നടന്‍ ജയസൂര്യ തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്.
‘ക്ലൂ ക്ലൂസ്’ പൊടിയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ അമ്മ എത്തിപ്പോള്‍ കുരുന്നിന്റെ മുഖത്തുണ്ടായ ഭാവമാണ് വീഡിയോയുടെ ഹൈലൈറ്റ്. പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് കുറുമ്പന്റെ വീഡിയോ വൈറലായത്.