‘ആ ചിത്രം കണ്ട് മമ്മൂക്ക ചോദിച്ചു, തല മാറ്റി ഒട്ടിച്ചതാണോടാ’; പുതിയ ലുക്കിനെ കുറിച്ച് ജയറാം
നടന്‍ ജയറാമിന്റെ പുതിയ ലുക്ക് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. അല്ലു അര്‍ജുന്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് താരം ആരെയും അമ്പരപ്പിക്കുന്ന മേക്കോവര്‍ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നുമാത്രമല്ല, താരങ്ങള്‍ക്കിടയില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചതെന്ന് ജയറാം പറയുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി കണ്ടപ്പോള്‍ ചോദിച്ചത് തല വെട്ടി ഒട്ടിച്ചതാണോ എന്നാണെന്ന് ജയറാം പറയുന്നു.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അല്ലു അര്‍ജുന്റെ അച്ഛനായാണ് ജയറാം എത്തുന്നത്. നായകനേക്കാള്‍ ‘ഫ്രീക്ക്’ ആയി വസ്ത്രധാരണം നടത്തുന്നയാളാണ് ഈ അച്ഛന്‍ കഥാപാത്രം. രണ്ട് മാസക്കാലം കൊണ്ടാണ് കഥാപാത്രത്തിനുവേണ്ടി ജയറാം 13 കിലോ ഭാരം കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. പൂജ ഹെഗ്ഡെ, നിവേത പേതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സത്യരാജ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. 2020 ല്‍ ചിത്രം റിലീസിനെത്തും.
ജയറാമിന്റെ വാക്കുകള്‍;
ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിങിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. ‘എന്താടാ ഇത്, നീ തന്നെയാണോ, അതോ തല മാറ്റി ഒട്ടിച്ചതാണോ’ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, ‘നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ എന്നും ഇരിക്കണമെന്നും. ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം പ്രേക്ഷകര്‍ക്കും പങ്കുവയ്ക്കാന്‍ തീരുമാനിച്ചത്.